federal judge halts trump’s immigration order allows travelers to land US

വാഷിംഗ്ടണ്‍: സാധുവായ വിസയുമായി അമേരിക്കയിലെത്തിയവരെ തടഞ്ഞ് തിരിച്ചയക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവ് കോടതി ഭാഗികമായി സ്‌റ്റേ ചെയ്തു.

ബ്രൂക്ക്‌ലിന്‍ ഫെഡറല്‍ ജഡ്ജിയാണ് അടിയന്തരമായി ഉത്തരവ് സ്റ്റേ ചെയ്തത്. കോടതി ഉത്തരവിനെ ബോസ്റ്റണിലെ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രതിഷേധിച്ചവര്‍ ഹര്‍ഷാരവങ്ങളോടെയാണ് വരവേറ്റത്.

അഭയാര്‍ഥികളായി അംഗീകരിച്ചവര്‍ക്കും സാധുവായ വിസയുള്ളവര്‍ക്കുമാണ് ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുന്നത്. വെള്ളിയാഴ്ച ട്രംപിന്റെ ഉത്തരവ് വന്നയുടന്‍ വിമാനത്താവളത്തില്‍ തടയുകയും പ്രവേശനം നിഷേധിക്കുകയും ചെയ്തവര്‍ക്കാണ് അമേരിക്കയില്‍ തുടരാന്‍ സാധിക്കുന്നത്. വിമാനത്താവളങ്ങളില്‍ തടഞ്ഞുവച്ച 200 ഓളം പേര്‍ക്ക് കോടതി ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് അമേരിക്കന്‍ സിവില്‍ ലിബേര്‍ട്ടീസ് യൂണിയന്‍ പറയുന്നത്.

ഉത്തരവ് വന്നതിന് പിന്നാലെ വര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ അന്യനാട്ടുകാരെ പോലും വിമാനത്താവളങ്ങളില്‍ തടഞ്ഞിരുന്നു. സാധുവായ വിസയുണ്ടായിട്ടും തടഞ്ഞ് ചോദ്യംചെയ്തതിനെതിരെ വിമാനത്താവളങ്ങളില്‍ വന്‍ പ്രതിഷേധവുമുണ്ടായി.

അതേ സമയം സിറിയയടക്കമുള്ള ഏഴുരാജ്യങ്ങളിലെ അഭയാര്‍ഥികള്‍ യു.എസില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി പ്രാബല്യത്തില്‍ വന്നു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സിറിയന്‍ അഭയാര്‍ഥികളെ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ല. ഇറാഖ്, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നതും നിര്‍ത്തിവെച്ചു.

Top