ഒമിക്രോണിന്റെ വ്യാപനത്തില്‍ ഭയന്ന് ഡോക്ടര്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്

ലക്‌നൗ: ഒമിക്രോണിന്റെ വ്യാപനത്തില്‍ ഭയന്ന് ഡോക്ടര്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഡോക്ടര്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ കാണാതായ ഡോക്ടറെ പൊലീസ് തിരയുകയാണ്.

കാണ്‍പൂരിലെ ഒരു ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം മേധാവിയായ ഡോ. സുശീല്‍ കുമാറാണ് തന്റെ 48 കാരിയായ ഭാര്യയെയും 18 ഉം 15 ഉം വയസുള്ള പെണ്‍ മക്കളെയും കൊലപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ട് സഹോദരന് സന്ദേശം അയച്ചു. എന്നാല്‍ പൊലീസോ സഹോദരനോ എത്തുന്നതിന് മുമ്പ്, അയാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി.

സ്ഥലത്തെത്തിയ പോലീസ് മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സമീപത്ത് നിന്ന് രക്തം പുരണ്ട ചുറ്റികയും കണ്ടെത്തി. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് കിട്ടിയ ഡയറിയിലാണ് ജനിതക വ്യതിയാനം സംഭവിച്ച ഒമിക്രോണിന്റെ വ്യാപനത്തില്‍ പ്രതി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വ്യക്തമായത്. ‘ഒമിക്രോണ്‍ എല്ലാവരെയും കൊല്ലും, എന്റെ അശ്രദ്ധ കാരണം, രക്ഷപ്പെടാന്‍ പ്രയാസമുള്ള ഒരു ഘട്ടത്തില്‍ ഞാന്‍ കുടുങ്ങി.’ എന്ന് ഡയറിയില്‍ കുറിച്ചിരുന്നു.

പ്രതി ഏറെ നാളായി വിഷാദത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡയറിയില്‍ തനിക്കുള്ള ഭേദമാക്കാനാവാത്ത രോഗത്തെ കുറിച്ച് അയാള്‍ പ്രതിപാതിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. തന്റെ കുടുംബത്തെ പ്രശ്‌നത്തിലാക്കാന്‍ കഴിയില്ലെന്നും അതിനാല്‍ എല്ലാവരേയും വിമോചനത്തിന്റെ പാതയിലാക്കിയെന്നും അദ്ദേഹം ഡയറിയില്‍ കുറിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top