പുതിയ ഓപ്പറേഷനുമായി ബിജെപി; കര്‍ണാടകയില്‍ ‘അത്’ വില പോകില്ല

ബംഗളൂരു: കര്‍ണാടകയിലെ 15നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന കുതന്ത്രങ്ങള്‍ തുറന്നു കാട്ടുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയം ബിജെപിക്ക് ഉണ്ടാകുമെന്ന് അവര്‍ക്ക് അറിയാം. അതുകൊണ്ടു തന്നെ അവര്‍ മറ്റൊരു ‘ഓപ്പറേഷന്‍ താമര’നടത്താന്‍ ശ്രമിക്കുകയാണെന്നും പക്ഷെ കര്‍ണാടകയിലെ ജനങ്ങളെ ഇനി കബളിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയിലാണ് ബിജെപി ഈ നീക്കം നടത്തുന്നത്. അവര്‍ നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകള്‍ ലഭിക്കില്ലെന്ന് വ്യക്തമാണ്. അതിനാല്‍ അവര്‍ മറ്റൊരു ഓപ്പറേഷന്‍ നടത്താന്‍ ആലോചിക്കുന്നു. എന്നാല്‍ ആളുകളെ കബളിപ്പിക്കാന്‍ കഴിയില്ല, അവര്‍ ശക്തമായി തന്നെ ബിജെപിയെ എതിര്‍ക്കും. വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും, ”റാവു പറഞ്ഞു.

സംസ്ഥാനത്ത് ബിജെപിയുടെ വീടുതോറുമുള്ള പ്രചാരണത്തേയും റാവു കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ബിജെപിയുടെ ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ജെഡിഎസുമായി വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തിന് തങ്ങള്‍ ഇപ്പോള്‍ 15 സീറ്റിലും ഒറ്റയ്ക്കാണ് മത്സരിക്കുന്നതെന്നായിരുന്നു ദിനേശ് ഗുണ്ടറാവു മറുപടി നല്‍കിയത്. തിരഞ്ഞെടുപ്പിന് ശേഷം എന്ത് ചെയ്യുമെന്ന് പറയാനാകില്ല. തങ്ങളുടെ സീറ്റുകള്‍ നിലനിര്‍ത്തുക മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കൂറുമാറിയതിനെ തുടര്‍ന്ന് സ്പീക്കര്‍ അയോഗ്യരാക്കിയ എംഎല്‍എമാരുടെ മണ്ഡലങ്ങളിലാണ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോണ്‍ഗ്രസിന്റെ 14-ലും ജെഡിഎസിന്റെ മൂന്നും അടക്കം 17 എംഎല്‍എമാരെയാണ് അയോഗ്യരാക്കിയിരുന്നത്.

Top