കോണ്‍ഗ്രസിനെ പേടിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എമാരെ ഗുജറാത്തിലേക്ക് മാറ്റി

ജയ്പുര്‍: കോണ്‍ഗ്രസിലേക്ക് കൂറുമാറുമെന്ന് പേടിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എമാരെ ഗുജറാത്തിലേക്കു മാറ്റിയതായി സൂചന. 14നു നിയമസഭ ചേരാനിരിക്കെയാണു എംഎല്‍എമാര്‍ കൂറുമാറുന്നതു തടയാന്‍ ബിജെപി നടപടി തുടങ്ങിയത്. ഉദയ്പുര്‍ മേഖലയില്‍നിന്നുള്ള ആറ് എംഎല്‍എമാരെ ഇതിനോടകം പോര്‍ബന്ദറിലേക്കു മാറ്റിയെന്നാണ് വിവരം.

സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ 19 വിമത എംഎല്‍എമാര്‍ നടത്തുന്ന പോരുമൂലം പ്രതിസന്ധിയിലാണ് അശോക് ഗെലോട്ട് സര്‍ക്കാര്‍. ഇതിനു പുറമേ ആറു ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ച നടപടി സ്റ്റേ ചെയ്യണമെന്ന കേസില്‍ 11നു ഹൈക്കോടതി വിധി വരാനിരിക്കുകയുമാണ്. വിധി പ്രതികൂലമായാല്‍ സര്‍ക്കാരിന്റെ നിലിനല്‍പു ഭീഷണിയിലാകും. ഇതു മറികടക്കാന്‍ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ സ്വാധീനിച്ചേക്കാം എന്ന ഭയമാണു ബിജെപിയെ ഈ നടപടിക്ക് പ്രേരിപ്പിച്ചത്.

തെക്കന്‍ രാജസ്ഥാനിലെ ട്രൈബല്‍ മേഖലയില്‍ നിന്നുള്ള എംഎല്‍എമാരെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുവെന്നാണു ബിജെപി ആരോപിക്കുന്നത്. ഉദ്യോഗസ്ഥരിലൂടെയും സ്വാധീനമുള്ള ആളുകളിലൂടെയും ഉദയ്പുര്‍ ഡിവിഷനില്‍നിന്നുള്ള എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നു. ഇതോടെയാണ് എംഎല്‍എമാരെ സംരക്ഷിക്കാന്‍ ഒന്നിച്ചു താമസിപ്പിക്കാന്‍ തീരുമാനിച്ചതെന്നു പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ പറഞ്ഞു.

നിയമസഭാ സമ്മേളനത്തിനു രണ്ടു മൂന്നു ദിവസം മുമ്പ് പാര്‍ട്ടി നിയമസഭാ കക്ഷിയോഗം ചേരുന്നുണ്ട്. അതിനു മുമ്പു ചില എംഎല്‍എമാര്‍ക്കു സോമനാഥ ക്ഷേത്രം സന്ദര്‍ശിക്കണമെന്ന ആഗ്രഹം പറഞ്ഞതിനാല്‍ അതിന് അനുവദിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ബിജെപി ആരോപണം നിഷേധിച്ച കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ദോത്താസര കുതിരക്കച്ചവടം ബിജെപിയുടെ കുത്തകയാണെന്നും സര്‍ക്കാരിനു ഭീഷണിയില്ലെന്നും പറഞ്ഞു.

Top