റഷ്യ ‘സാത്താൻ’ പ്രയോഗിക്കുമെന്ന ഭയം, ഒടുവിൽ നിലപാട് മാറ്റി അമേരിക്കൻ സഖ്യം !

യുക്രെയിൻ – റഷ്യ സംഘർഷത്തിൽ ‘കലക്കു വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന’ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ശരിക്കും ‘കൈ പൊള്ളുന്ന’ അവസ്ഥയാണ് നിലവിലുള്ളത്. റഷ്യയെ ഇനിയും പ്രകോപിപ്പിച്ചാൽ അവർ ഏത് നിമിഷവും ആണവായുധം പ്രയോഗിച്ചേക്കുമെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. കൃത്യമായ ഈ വിവരത്തെ തുടർന്ന് എഫ് 16 യുദ്ധവിമാനങ്ങൾ യുക്രെയിന് നൽകില്ലന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. ബ്രിട്ടനും ജർമ്മനിയും സമാന നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ മറ്റൊരു നാറ്റോ സഖ്യ രാജ്യമായ ഫ്രാൻസും യുദ്ധവിമാനങ്ങൾ നൽകുന്നതിൽ നിന്നും പിറകോട്ട് പോയിരിക്കുകയാണ്.

യുക്രെയിന് ആധുനിക ടെക്നോളജിയും ആയുധങ്ങളും നൽകി സഹായിക്കുന്ന അമേരിക്കയും സഖ്യകക്ഷികളും ടാങ്കുകൾ നൽകാൻ തീരുമാനിച്ചതിനു പിന്നാലെയാണ് യുദ്ധവിമാനങ്ങൾ നൽകാനും അണിയറയിൽ നീക്കം നടത്തിയിരുന്നത്. പ്രതിരോധത്തിന് 200 ഓളം യുദ്ധവിമാനങ്ങൾ വേണമെന്ന യുക്രെയിൻ ആവശ്യമാണ് നാറ്റോ സഖ്യകക്ഷികൾ പരിഗണിച്ചിരുന്നത്. എന്നാൽ ഈ ഇടപാട് റഷ്യക്കെതിരായ യുദ്ധ പ്രഖ്യാപനമായി കണ്ട് ശക്തമായി തിരിച്ചടിക്കാനാണ് റഷ്യ പദ്ധതി ഒരുക്കിയിരുന്നത്.

ലോകത്തിലെ ഏറ്റവും നശീകരണ ശേഷിയുള്ള ആണവായുധമായ ‘സാത്താൻ’ ഉൾപ്പെടെയാണ് റഷ്യ സജ്ജമാക്കി നിർത്തിയിരിക്കുന്നത്. ഇത് യുക്രെയിന് നേരെയല്ലന്നും റഷ്യയുടെ ലക്ഷ്യം അമേരിക്കയും സഖ്യകക്ഷികളും ആണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് സി.ഐ.എ ഉദ്യോഗസ്ഥർ അമേരിക്കൻ ഭരണകൂടത്തിന് കൈമാറിയിരിക്കുന്നത്. തുടർന്നാണ് കൂടുതൽ പ്രകോപനത്തിനു മുതിരാതെ യുദ്ധവിമാനങ്ങൾ നൽകുന്നതിൽ നിന്നും നാറ്റോ സഖ്യ രാജ്യങ്ങൾ പിറകോട്ട് പോയിരിക്കുന്നത്.

യുക്രെയിനുമായുള്ള പ്രത്യേക സൈനിക നടപടി പിന്നിട്ടിട്ടും വൻ നശീകരണ ശേഷിയുളള ആയുധങ്ങൾ ഇതുവരെ റഷ്യൻ സൈന്യം പ്രയോഗിച്ചിട്ടില്ല. സോവിയറ്റ് യൂണിയന്റെ കാലം മുതൽ ഉള്ള ആയുധങ്ങളുടെ വലിയ ഒരു ശേഖരം തന്നെയാണ് ഇപ്പോഴും റഷ്യയിലുള്ളത്. ഇതാകട്ടെ അമേരിക്കയുടെ കൈവശമുള്ളതിനേക്കാൾ കൂടുതലുമാണ്.

ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ ഉള്ള രാജ്യമാണ് റഷ്യ. ടെക് നോളജിയുടെ പുതിയ കാലത്ത് ഇത്തരം മാരക പ്രകരശേഷിയുള്ള ആയുധങ്ങൾ ആദ്യം പ്രയോഗിക്കുന്നവർക്കു തന്നെയാണ് യുദ്ധത്തിൽ മേൽക്കോയ്മ ഉണ്ടാകുക. അതുകൊണ്ടു തന്നെയാണ് റഷ്യയെ അമേരിക്കൻ സഖ്യവും ഭയക്കുന്നത്. റഷ്യയുമായുള്ള ഏതൊരു ഏറ്റുമുട്ടലും ലോകാവസാനത്തിലാണ് കലാശിക്കുക എന്ന തിരിച്ചറിവ് അമേരിക്കയ്ക്കുണ്ട്. അതു കൊണ്ടു തന്നെയാണ് ഇപ്പോൾ യുദ്ധവിമാനങ്ങളുടെ കാര്യത്തിൽ തന്ത്രപരമായ നിലപാട് അവർ സ്വീകരിച്ചിരിക്കുന്നത്.

എന്നാൽ യുക്രെയിന് ടാങ്കുകൾ ഉൾപ്പെടെ മറ്റു ആയുധങ്ങൾ നാറ്റോ സഖ്യം നൽകുന്ന സാഹചര്യത്തിൽ ഈ ആയുധങ്ങൾ കൊണ്ടുവരുന്ന സംവിധാനങ്ങൾ ആക്രമിക്കപ്പെടാനുള്ള സാധ്യത ഇപ്പോഴും കൂടുതലാണ്. അത്തരമൊരു ഘട്ടത്തിൽ അമേരിക്കൻ സഖ്യം പ്രതികരിച്ചാലും അത് വലിയ യുദ്ധത്തിലാണ് കലാശിക്കുക. യുക്രെയിനിൽ മാരക ബോംബുകൾ വർഷിച്ച് എത്രയും പെട്ടന്ന് സൈനിക നടപടി അവസാനിപ്പിക്കണമെന്ന മാനസിക അവസ്ഥയിലാണിപ്പോൾ റഷ്യൻ സൈനിക നേതൃത്വമുള്ളത്.

അമേരിക്കയും സഖ്യകക്ഷികളും ഭയക്കേണ്ട നിലപാടാണിത്. യുക്രെയിനെ പിന്നിൽ നിന്നും നിയന്ത്രിക്കുന്നത് നാറ്റോ ആയതിനാൽ റഷ്യ കൈവിട്ട കളിക്ക് ഇറങ്ങിയാൽ അവരും അനുഭവിക്കേണ്ടി വരും. ഉത്തര കൊറിയയുടെ ആണവ മിസൈലിനെ ഭയക്കുന്ന അമേരിക്കയും സഖ്യകക്ഷികളും റഷ്യയുടെ ‘സാത്താനെ ‘ എത്രമാത്രം ഭയപ്പെടുന്നുണ്ട് എന്നത് തീർച്ചയായും ഊഹിക്കാവുന്നതേയൊള്ളു.

ലോകത്തെ ആയുധ വിപണി സജീവമാക്കാനും റഷ്യയെ തളർത്തി നേട്ടം കൊയ്യാനുമാണ് അമേരിക്ക യുക്രെയിനെ മുൻ നിർത്തി നാണംകെട്ട കളി കളിക്കുന്നത്. നേരിട്ടു യുദ്ധം ചെയ്യാനുള്ള ധൈര്യമില്ലാത്തതു കൊണ്ടാണ് ഇത്തരം രണ്ടാംകിട ഏർപ്പാട് അവർ നടത്തുന്നത്. ലോക രാജ്യങ്ങൾക്കു മുന്നിൽ റഷ്യയെ ഒറ്റപ്പെടുത്തുവാൻ നിറം പിടിപ്പിച്ച കഥകളാണ് പാശ്ചാത്യ മാധ്യമങ്ങളും പടച്ചു വിട്ടു കൊണ്ടിരിക്കുന്നത്. ഒരു ചെറിയ രാജ്യത്തിനു മുന്നിൽ റഷ്യക്ക് വിജയിക്കാൻ കഴിയുന്നില്ലന്ന് കളിയാക്കുന്ന ഈ മാധ്യമങ്ങൾ കണ്ടില്ലന്ന് നടിക്കുന്നത് യാഥാർത്ഥ്യങ്ങളെയാണ്.

തികച്ചും മാന്യമായ പോരാട്ടമാണ് യുക്രെയിനിൽ റഷ്യൻ സൈന്യം നടത്തുന്നത്. സാധാരണക്കാരുടെ മരണം പരമാവധി ഒഴിവാക്കാൻ അവർ ശ്രമിക്കുന്നുണ്ട്. അതു കൊണ്ടാണ് വൻ പ്രഹരശേഷിയുള്ള ബോംബുകൾ പ്രയോഗിക്കാതിരിക്കുന്നത്. കൊല്ലപ്പെട്ട സാധാരണക്കാരിൽ നല്ലൊരു വിഭാഗവും യുക്രൈൻ സൈന്യം നൽകിയ ആയുധങ്ങളുമായി റഷ്യൻ ടാങ്കുകൾ തകർക്കാൻ പോയപ്പോയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഈ യാഥാർത്ഥ്യമൊന്നും ഒരു പാശ്ചാത്യ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.

ലോകത്തെ പ്രധാന മാധ്യമങ്ങളിൽ ബഹുഭൂരിപക്ഷവും അമേരിക്കൻ പക്ഷപാതികളായതിനാൽ അവർ നൽകുന്ന വിവരങ്ങളാണ് ഇന്ത്യയിൽ ഉൾപ്പെടെ പുറത്ത് വരുന്നത്. ഗ്രൗണ്ട് റിയാലിറ്റി അറിയാത്ത വാർത്തകളാണ് ഇതെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. റഷ്യൻ സൈന്യത്തിന് അമേരിക്കൻ ചേരി ആരോപിക്കുന്നതു പോലെ വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ തിരിച്ചടി എത്രമാത്രം ഭീകരമായിരിക്കുമെന്നതാണ് ഇവരുടെ മറു ചോദ്യം. ഏറെ പ്രസക്തമായ ചോദ്യം തന്നെയാണിത്. വലിയ നഷ്ടം റഷ്യക്ക് സംഭവിച്ചിരുന്നു എങ്കിൽ യുക്രെയിൻ തലസ്ഥാനമായ കീവ് ഇപ്പോൾ ഭൂപടത്തിൽ പോലും കാണില്ലായിരുന്നു.

ജപ്പാനു ചുറ്റും സ്ഥാപിച്ച അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ ഉത്തര കൊറിയയുടെ മിസൈലുകൾക്ക് തകർക്കാൻ കഴിയുമെങ്കിൽ കീവിലെ ഏത് പ്രതിരോധ സംവിധാനങ്ങളെയും നിമിഷ നേരം കൊണ്ടു തകർത്ത് തലസ്ഥാനം തന്നെ ഇല്ലാതാക്കാൻ റഷ്യക്കും നിമിഷ നേരം മതിയാകും. റഷ്യയെ തിരിച്ച് ആക്രമിക്കാം എന്നു കരുതിയാൽ അതും എതിരാളികൾക്ക് വലിയ വെല്ലുവിളിയാകും. ലോകത്ത് ഇന്ന് നിലവിലുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽ ഏറ്റവും മികച്ച “എസ് 400 ട്രയംഫാണ്” റഷ്യയെ സംരക്ഷിച്ചു നിർത്തുന്നത്. ശത്രുവിന്റെ ഏത് ആധുനിക മിസൈലുകളെയും യുദ്ധവിമാനങ്ങളെയും മിന്നൽ വേഗത്തിൽ തകർക്കാനുള്ള ശേഷി ഇതിനുണ്ട്.

അമേരിക്കയുടെ വിലക്ക് വകവയ്ക്കാതെ റഷ്യയുടെ ഈ പ്രതിരോധ സംവിധാനത്തെ ഇന്ത്യയും ഇപ്പോൾ കൈവശപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ആയുധ ഇടപാടാണിത്. അമേരിക്കൻ ചേരിയുടെ സമ്മർദ്ദം ഏറെയുണ്ടായിട്ടും യുക്രെയിൻ വിഷയത്തിൽ ഇതുവരെ ഇന്ത്യ റഷ്യക്കെതിരായ നിലപാട് സ്വീകരിച്ചിട്ടില്ല അതിന് ചരിത്രപരമായ നിരവധി കാരണങ്ങളുമുണ്ട്. രാജ്യം ഏറ്റവും വലിയ വെല്ലുവിളികളെ അഭിമുഖീകരിച്ച ഇന്ത്യ- പാക്ക് യുദ്ധത്തിൽ തുടങ്ങിയ ബന്ധമാണത്. അന്ന് ഇന്ത്യയെ സംരക്ഷിക്കുന്നതിനാണ് പാക്കിസ്ഥാനെ സഹായിക്കാൻ വന്ന അമേരിക്കൻ നാവിക സേനയെ സോവിയറ്റ് യൂണിയന്റെ പടക്കപ്പൽ ഓടിച്ചു വീട്ടിരുന്നത്. ഈ ഒരൊറ്റ കാരണം മാത്രം മതിയാകും എക്കാലത്തും ഇന്ത്യൻ ജനത റഷ്യയോട് കടപ്പെട്ടിരിക്കുവാൻ…

അതേസമയം യുക്രെയിനും അമേരിക്കക്കും പാക്കിസ്ഥാനെ സഹായിച്ച ചരിത്രം മാത്രമാണ് അവകാശപ്പെടാൻ ഉള്ളത്. അതിന് അധിക കാലം പിറകോട്ട് പോകേണ്ട കാര്യവുമില്ല.
1998ൽ ഇന്ത്യ ആണവ പരീക്ഷണങ്ങൾ നടത്തി ലോകത്തിനു മുന്നിൽ കരുത്ത് കാട്ടിയപ്പോൾ ഇന്ത്യക്കെതിരെ സാമ്പത്തിക ഉപരോധം കൊണ്ടുവരാൻ അമേരിക്കയ്ക്ക് ഒപ്പം ചേർന്ന് ഓടി നടന്ന രാജ്യമാണ് യുക്രെയിൻ. അന്ന് 25 രാജ്യങ്ങളാണ് യു. എന്നിൽ ഇന്ത്യക്കെതിരെ പ്രമേയം കൊണ്ടുവന്നിരുന്നത്. പാക്കിസ്ഥാന് ടാങ്കുകൾ ഉൾപ്പെടെ വലിയ തോതിലുള്ള ആയുധങ്ങളാണ് യുക്രെയിനും അമേരിക്കയും നൽകിയിരുന്നത്. സ്റ്റോക്ക് ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം, 1.6 ബില്യൺ ഡോളറിന്റെ ആയുധങ്ങളാണ് പാക്കിസ്ഥാന് യുക്രെയിൻ നൽകിയിരിക്കുന്നത്.

കാർഗിൽ യുദ്ധത്തിൽ ഉൾപ്പെടെ പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ ഉപയോഗിച്ചതും ഇതേ ആയുധങ്ങൾ തന്നെയാണ്. അവിടെയും ഈ ആയുധങ്ങളെ ചെറുക്കാൻ റഷ്യൻ ആയുധങ്ങളാണ് ഇന്ത്യയ്ക്ക് കരുത്ത് നൽകിയിരുന്നത്. യുക്രെയിന് വീര പരിവേഷം നൽകാൻ പാടുപെടുന്ന ഇന്ത്യയിലെ കുത്തക മാധ്യമങ്ങൾ ഈ യാഥാർത്ഥ്യവും ഓർക്കുന്നത് നല്ലതാണ്.

EXPRESS KERALA VIEW

Top