രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറ്റ ഭീതി; കോണ്‍ഗ്രസ് എം.എല്‍.എ.മാരെ ഹോട്ടലിലേക്ക് മാറ്റി

രാജ്യസഭാ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കേ കൂറുമാറ്റ ഭീതിയെത്തുടർന്ന് തിങ്കളാഴ്ച വൈകീട്ടോടെ കര്‍ണാടകത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാരെയും നഗരത്തിലെ ഹോട്ടലിലേക്ക് മാറ്റി. വോട്ട് നഷ്ടമാകാതിരിക്കാനുള്ള മുന്‍കരുതലായി എം.എല്‍.എ.മാര്‍ക്ക് മോക് വോട്ടെടുപ്പും ഒരുക്കി.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലാണ് മുന്‍കരുതലുകള്‍. ചൊവ്വാഴ്ച രാവിലെ എം.എല്‍.എ.മാര്‍ ഹോട്ടലില്‍നിന്ന് നേരേ വിധാന്‍സൗധയിലേക്ക് വോട്ടുചെയ്യാന്‍ പോകുമെന്ന് ശിവകുമാര്‍ അറിയിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ ഭാഗത്തുനിന്ന്‌ കൂറുമാറി വോട്ടുചെയ്യില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

To advertise here, Contact Us
നാല് രാജ്യസഭാസീറ്റുകളിലേക്ക് അഞ്ച് സ്ഥാനാര്‍ഥികള്‍ വന്നതോടെയാണ് മത്സരം വാശിനിറഞ്ഞതായത്. കോണ്‍ഗ്രസ് അജയ് മാക്കന്‍, സയ്യിദ് നസീര്‍ ഹുസൈന്‍, ജി.സി. ചന്ദ്രശേഖര്‍ എന്നീ മൂന്ന് സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്.. ഇവരെ വിജയിപ്പിക്കാന്‍ 135 എം.എല്‍.എ.മാരുടെ വോട്ട് വേണം. കോണ്‍ഗ്രസ് എം.എല്‍.എ.യായ രാജാ വെങ്കടപ്പ നായികിന്റെ നിര്യാണത്തോടെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 134 ആയി ചുരുങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച് ജയിച്ച ദര്‍ശന്‍ പുട്ടണയ്യയുടേതും കര്‍ണാടക രാജ്യ പ്രകൃതിപക്ഷയുടെ എം.എല്‍.എ. ജനാര്‍ദനറെഡ്ഡിയുടെയും പിന്തുണ കോണ്‍ഗ്രസിന് കിട്ടുമെന്നാണ് കരുതുന്നത്.

ബി.ജെ.പി.-എന്‍.ഡി.എ. സഖ്യത്തിന്റെ ആദ്യ സ്ഥാനാര്‍ഥി നാരായണ്‍ കൃഷ്ണാസാ ഭാണ്ഡഗെയാണ്. രണ്ടാംസ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള അംഗസംഖ്യ സഖ്യത്തിന് നിയമസഭയിലില്ല. ആദ്യ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചശേഷം 40 വോട്ടാണ് ബാക്കിയുണ്ടാവുക. അഞ്ച് വോട്ടിന്റെ കുറവുവരും. എന്നിട്ടും രണ്ടാംസ്ഥാനാര്‍ഥിയായി ജെ.ഡി.എസിന്റെ കുപേന്ദ്ര റെഡ്ഡിയെ രംഗത്തിറക്കി പരീക്ഷണത്തിന് മുതിര്‍ന്നതാണ്. ഇതാണ് കോണ്‍ഗ്രസിന് ആശങ്കയുണ്ടാക്കുന്നത്.

 

Top