ചാമ്പ്യൻസ് ലീഗിൽ നിന്ന് ബാഴ്സലോണ പുറത്ത്

ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് ബാഴ്സലോണ പുറത്ത്. വിക്ടോറിയ പ്ലാസനെ തോൽപ്പിച്ച ഇൻറർ മിലാൻ, ബയേണിനൊപ്പം നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി. തുടർച്ചയായ രണ്ടാം സീസണിലാണ് ബാഴ്സ യൂറോപ്പ ലീഗിലേക്ക് പിന്തള്ളപ്പെടുന്നത്. ബയേണിനോട് വൻ തോൽവി ഏറ്റുവാങ്ങിയത് ബാഴ്സക്ക് ഇരട്ടപ്രഹരമായി.

ഇന്ത്യൻ സമയം രാത്രി 12.30നായിരുന്നു ബാഴ്സ-ബയേൺ മ്യൂണിക്ക് മത്സരം. അതിനും ഒരുമണിക്കൂർ മുമ്പേ ബാഴ്സ ആരാധകർ ടെലിവിഷന് മുന്നിലേക്കെത്തി. നിർണായകമായ ഇൻറർ മിലാൻ-വിക്ടോറിയ പ്ലാസൻ മത്സരം കാണാനായി ആയിരുന്നു ഇത്. ഈ കളിയിൽ ഇൻറർ മിലാൻ ജയിച്ചാൽ ബാഴ്സയുടെ സാധ്യതകൾ അടയുമായിരുന്നു. ഒടുവിൽ പേടിച്ചത് തന്നെ സംഭവിച്ചു. നിർണായക മത്സരത്തിൽ വിക്ടോറിയ പ്ലാസനെ എതിരില്ലാത്ത നാല് ഗോളിന് ഇൻറർ മിലാൻ തോൽപ്പിച്ചു. ഇതോടെ ആശ്വാസജയം തേടിയാണ് ബാഴ്സ ക്യാംപ്നൗവിൽ ബയേണിനെതിരെ ഇറങ്ങിയത്. സ്വന്തം കാണികൾക്ക് മുന്നിൽ വീണ്ടും തിരിച്ചടി നേരിട്ടു. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബാഴ്സയുടെ തോൽവി. 10, 11 മിനുറ്റുകളിലും രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിലും(90+5) ഗോളടിച്ച് ബയേൺ ബാഴ്സയുടെ ജീവനെടുത്തു.

ഗ്രൂപ്പ് സിയിൽ അഞ്ച് മത്സരങ്ങളിൽ 15 പോയിൻറുമായി ബയേൺ ചാമ്പ്യൻമാരായപ്പോൾ രണ്ടാമതുള്ള ഇൻററിന് 10 പോയിൻറാണുള്ളത്. മൂന്നാമതുള്ള ബാഴ്സ വെറും നാല് പോയിൻറിലൊതുങ്ങി. വിക്ടോറിയ പ്ലാസൻ അക്കൗണ്ട് തുറന്നില്ല.

സാവിക്ക് കീഴിൽ റോബർട്ട് ലെവൻഡോവ്സ്കി അടക്കമുള്ള വമ്പൻ താരങ്ങളെ അണിനിരത്തിയിട്ടും ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടംകടക്കാനാകാതെ ബാഴ്സ പുറത്തായിരിക്കുകയാണ്. തുടരെ രണ്ടാം സീസണിലും ബയേണിന് മുന്നിൽ വീണ് യൂറോപ്പ ലീഗിലേക്ക് ടീം വഴുതിവീണു. മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സനൽ, യുവൻറസ്, അയാക്സ്, സെവിയ്യ ടീമുകളെല്ലാം ഇത്തവണ യൂറോപ്പ ലീഗ് കളിക്കുന്നതിനാൽ അവിടെയും ബാഴ്സലോണയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല.

Top