ഫെയ്‌സ്ബുക്ക് പോസ്റ്റ്; ആർ.എം.പി. നേതാവിന്റെ പേരിൽ വാടാനപ്പള്ളി പൊലീസ് കേസെടുത്തു

fb

തൃശ്ശൂർ: തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് ഹിന്ദുദൈവങ്ങളെ അപമാനിക്കുന്ന രീതിയിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ആർ.എം.പി. നേതാവിന്റെ പേരിൽ കേസെടുത്തു. വാടാനപ്പള്ളി പൊലീസാണ് കേസെടുത്തത്. ബി.ജെ.പി. തളിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഭഗീഷ് പൂരാടനും വിശ്വഹിന്ദു പരിഷത്ത് തളിക്കുളം ഖണ്ഡ് ജനറൽ സെക്രട്ടറി പ്രജീഷ് പടിയത്തും നൽകിയ പരാതിയിലാണ് കേസ്.

ആർ.എം.പി.യുടെ യുവജനവിഭാഗമായ ആർ.വൈ.എഫിന്റെ സംസ്ഥാനനേതാവ് തളിക്കുളം നാലകത്ത് എൻ.എ. സഫീറിന്റെ പേരിലാണ് മതസ്പർധ വളർത്തുന്ന രീതിയിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിന് കേസെടുത്തത്. സഫീർ തന്നെയാണോ പോസ്റ്റിട്ടതെന്ന് സൈബർസെൽ പരിശോധിച്ചശേഷം സൈബർ വകുപ്പുകൾ കേസിലുൾപ്പെടുത്തും.

ഏപ്രിൽ 25-ന് സഫീറിന്റേതായി വന്ന പോസ്റ്റിൽ പൂരത്തിനുള്ള ദേവിമാരുടെ വരവിനെക്കുറിച്ചും കുടമാറ്റത്തെക്കുറിച്ചും വെടിക്കെട്ടിനെക്കുറിച്ചും നടത്തിയ പരാമർശങ്ങളാണ് വിവാദമായത്.ഹിന്ദുദൈവങ്ങളെ അവഹേളിക്കുന്ന തരത്തിലും മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുമുള്ള പരാമർശങ്ങളാണ് ഫെയ്സ്ബുക്ക് പോസ്റ്റിലുള്ളതെന്ന് പരാതിയിൽ പറഞ്ഞിരുന്നു. അതേസമയം, ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ സഫീർ അത് പിൻവലിച്ച് ഖേദപ്രകടനം നടത്തിയിട്ടുണ്ട്.

Top