fbi- no charges against Hillary Clinton over emails

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലാരി ക്‌ളിന്റണിനെ ഇമെയില്‍ വിവാദ കേസില്‍ നിന്ന് എഫ്.ബി.ഐ കുറ്റവിമുക്തയാക്കി.

ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ ഇ മെയില്‍ അക്കൗണ്ട് ഉപയോഗിച്ചതില്‍ കുറ്റകരമായി യാതൊന്നും ഇല്ലെന്ന് എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമി യു.എസ് കോണ്‍ഗ്രസിനെ അറിയിച്ചു. നേരത്തേ, കണ്ടെത്തിയ റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യത്യസ്ഥമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും എഫ്ബിഐ അറിയിച്ചു.

ഹില്ലരി ക്ലിന്റണ്‍ 2009 നും 2013 നും ഇടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആയിരുന്ന കാലത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്വകാര്യ ഇ മെയില്‍ ഉപയോഗിച്ചുവെന്നതാണ് നിലനിന്നിരുന്ന ആരോപണം.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹില്ലരി ക്ലിന്റണിന്റെ വിജയ സാധ്യതകള്‍ക്ക് വിവാദം മങ്ങലേല്‍പ്പിക്കുമോയെന്ന ആശങ്കയ്ക്കിടെയാണ് എഫ്ബിഐയുടെ പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

താന്‍ അധികാരത്തില്‍ എത്തിയാല്‍ ഇമെയില്‍ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തുന്ന പക്ഷം ഹിലാരിയെ ജയിലില്‍ അടയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

വിവാദവുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ ഹിലാരിയെ നേരത്തെ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. പല സെര്‍വറുകളില്‍ നിന്നും പല ഗാഡ്‌ഗെറ്റുകളിലൂടെ മാറിമാറി ഹിലരി ഔദ്യോഗിക ഇ മെയില്‍ ഉപയോഗിച്ചിരുന്നതായും തന്ത്രപ്രധാന രേഖകള്‍ സ്വകാര്യ സെര്‍വറിലേക്ക് മാറ്റിയിരുന്നതായും എഫ്.ബി.ഐ കണ്ടെത്തി.

തന്ത്രപ്രധാന വിവരങ്ങളടങ്ങിയ നൂറിലേറെ ഇ മെയിലുകള്‍ സ്വകാര്യ സെര്‍വറില്‍ നിന്ന് കണ്ടെത്തി. ഇത് ശത്രുക്കള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താമായിരുന്നു എന്ന കാര്യം ശ്രദ്ധിക്കുന്നതില്‍ ഹിലാരിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന് കോമി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

എന്നാല്‍, അന്വേഷണ സംഘത്തില്‍ നിന്ന് തെറ്റ് മറച്ചു വയ്ക്കാനായി ഹിലാരി ഈ ഇമെയിലുകള്‍ നശിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ ക്രിമിനലായ കുറ്റം ഹിലാരി ചെയ്‌തെന്ന് കരുതാനാവില്ലെന്നും കോമി വിശദീകരിച്ചു.

Top