ഫാത്തിമയുടെ മരണം: ലോക്‌സഭയില്‍ പ്രമേയം അവതരിപ്പിച്ച് കേരളത്തിലെ എംപിമാര്‍

ചെന്നൈ: ഫാത്തിമയുടെ മരണം ലോക്‌സഭയില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. എന്‍കെ പ്രേമചന്ദ്രന്‍ എംപി, മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

സിപിഎം എംപി എഎം ആരിഫ് പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്. ഡിഎംകെ നേതാവ് തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി കനിമൊഴിയും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ഥിനിയുടെ മരണം തമിഴര്‍ക്ക് അപമാനമാണെന്നും ക്യാമ്പസില്‍ കാവിവത്ക്കരണത്തിനായുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അതിന്റെ ഭാഗമാണോ ഫാത്തിമയുടെ മരണമെന്ന് അന്വേഷിക്കണമെന്നുമുള്ള ആവശ്യം സ്റ്റാലിന്‍ നേരത്തെ ഉന്നയിച്ചിട്ടുണ്ട്. അതിനിടെ മദ്രാസ് ഐഐടിയിലെ സുദര്‍ശന്‍ പത്മനാഭന്‍ ഉള്‍പ്പടെ മൂന്ന് അധ്യാപര്‍ക്ക് ക്രൈംബ്രാഞ്ച് സമന്‍സ് അയച്ചു. അന്വേഷണ സംഘം മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്. ആരോപണവിധേയരായ സുദര്‍ശന്‍ പത്മനന്‍, ഹേമചന്ദ്രന്‍ , മിലിന്ദ് എന്നീ അധ്യാപകര്‍ക്കാണ് സമന്‍സ് അയച്ചത്.

മകളുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് ഫാത്തിമയുടെ മാതാപിതാക്കള്‍ തമിഴ്നാട് മുഖ്യമന്ത്രിയെയും ഡിജിപിയേയും കണ്ടിരുന്നു. അതേസമയം അന്വേഷണ സമിതി രൂപീകരിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിക്കാമെന്ന് മദാസ് ഐഐടി വ്യക്തമാക്കി. വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി ഫാത്തിമയുടെ മരണത്തെക്കുറിച്ച് പരിശോധിക്കുന്നത് ആലോചിക്കും. വിദ്യാര്‍ത്ഥികള്‍ ഡയറക്ടര്‍ക്ക് നല്‍കിയ കത്തിനാണ് അധികൃതരുടെ മറുപടി.

Top