ഫാത്തിമയുടെ മരണം, നിര്‍ണായക തെളിവുകള്‍; അധ്യാപകനെ ഉടന്‍ ചോദ്യം ചെയ്യും

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകളുമായി കുടുംബം. ഫാത്തിമയുടെ പിതാവിന്റേയും ബന്ധുക്കളുടേയും കൈവശമാണ് നിര്‍ണായക തെളിവുകളുള്ളത്. ഈ തെളിവുകള്‍ കുടുംബം ക്രൈംബ്രാഞ്ചിന് കൈമാറി.

ഫാത്തിമ നൈലോണ്‍ കയറില്‍ തൂങ്ങി മരിച്ചതായാണ് എഫ്‌ഐആറില്‍ പൊലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം ആദ്യം കണ്ട സഹപാഠി, ഫാത്തിമയുടെ പിതാവിന് വാട്‌സ്ആപ്പ് വോയിസ് മെസേജ് അയച്ചിരുന്നു. ഇതില്‍ മുട്ടുകുത്തിയ നിലയില്‍ തൂങ്ങി നില്‍ക്കുകയാണ് എന്നാണ് വ്യക്തമാക്കുന്നത്. എഫ്ഐആര്‍ ദുരൂഹമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

മരിക്കുന്നതിന് മുമ്പുള്ള 28 ദിവസങ്ങളില്‍ ഫാത്തിമ തന്റെ സ്മാര്‍ട് ഫോണില്‍ ചില വിവരങ്ങള്‍ കുറിപ്പുകളായി എഴുതി വെച്ചിരുന്നു. ഇതില്‍ ചില നിര്‍ണായക വിവരങ്ങളുണ്ട്. ഇത് മരണകാരണത്തിലേക്ക് വഴി ചൂണ്ടുന്നതാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

ഇതോടൊപ്പം തന്റെ മാര്‍ക്ക് ഷീറ്റുമായി ബന്ധപ്പെട്ട് ഫാത്തിമ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഭയപ്പെട്ട നിലയില്‍ ചില പ്രതികരണങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. തിരുത്തല്‍ ആവശ്യപ്പെട്ട് ഫാത്തിമയുടെ സുഹൃത്തുക്കള്‍ ആരോപണ വിധേയനായ അധ്യപകന്‍ സുദര്‍ശന്‍ പത്മനാഭനെയടക്കം സമീപിച്ചിരുന്നു.

ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന വോയ്‌സ് മെസേജും കുടുംബത്തിന്റെ കൈവശമുണ്ട്. ഇതെല്ലാം പരിശോധിച്ച് മുന്നോട്ട് പോകണമെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. ഫാത്തിമയുടെ പിതാവ് ലത്തീഫില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. അഡീഷണല്‍ കമ്മീഷ്ണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്.

പിതാവില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴി എടുക്കുന്നത് പൂര്‍ത്തിയായി.തുടര്‍ന്ന് ഐ.ഐ.ടി അധ്യാപകനെ ഉടന്‍ ചോദ്യം ചെയ്യും. അധ്യാപകന്‍ ക്യാമ്പസ് വിട്ടുപോകരുതെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക നിര്‍ദേശമുണ്ട്. ക്യാമ്പസില്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.

Top