ഫാത്തിമയുടെ മൊബൈൽ ഫോൺ ഇന്ന് കുടുംബത്തിന്‍റെ സാന്നിധ്യത്തിൽ പരിശോധിക്കും

ചെന്നൈ : മദ്രാസ് ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ആത്മഹത്യാ കുറിപ്പ് അടങ്ങിയ മൊബൈൽ ഫോൺ കുടുംബത്തിന്റെ സാന്നിധ്യത്തിൽ പരിശോധിക്കും.

ഫോൺ തുറന്ന് പരിശോധിക്കാൻ ഹാജരാകണമെന്ന് ചൂണ്ടികാട്ടി ഫോറൻസിക് വകുപ്പിന്‍റെ ആവശ്യപ്രകാരം കുടുംബത്തിന് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചിരുന്നു. മരണത്തിനുത്തരവാദി സുദര്‍ശന്‍ പത്മനാഭനെന്ന അധ്യാപകനാണെന്ന ആത്മഹത്യ കുറിപ്പാണ് ഫോണിലുള്ളത്.

നിർണായക തെളിവുകളുണ്ടെന്ന് കുടുംബം ചൂണ്ടിക്കാട്ടിയ ഫാത്തിമയുടെ ലാപ്ടോപ്പും ടാബ്‌ലറ്റും അന്വേഷണസംഘത്തിന് കൈമാറും. ഫോണിലേതിന് സമാനമായ തെളിവുകൾ ഇതിലുമുണ്ടെന്ന് കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു.

കൃത്യമായ അന്വേഷണം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം തമിഴ്നാട് മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം നൽകാനും ശ്രമിക്കുന്നുണ്ട്. സഹപാഠികളെ ഉൾപ്പടെ നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും ആരോപണവിധേയരായ അധ്യാപകർക്ക് എതിരെ കാര്യമായ തെളിവ് ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്. വിഷയത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കാണാനുള്ള നീക്കത്തിലാണ് കുടുംബം.

നടപടി വൈകുന്നതിൽ പ്രതിഷേധിച്ചും ഐഐടി അധികൃതരുടെ സമീപനത്തിന് എതിരെയും പ്രതിഷേധം ശക്തമാക്കാനാണ് ഐഐടി സ്റ്റുഡന്റസ് യൂണിയന്റെ തീരുമാനം.

Top