അധ്യാപകനെ രക്ഷപെടുത്താന്‍ പൊലീസ് ഒത്തുകളിക്കുന്നു: ഫാത്തിമയുടെ പിതാവ്‌

ചെന്നൈ: ചെന്നൈ ഐഐടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പദ്മനാഭനെ രക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നതായി സംശയമുണ്ടെന്ന് പിതാവ്. മകളുടെ മരണത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ഫാത്തിമയുടെ പിതാവ് ലത്തീഫ് ആരോപിച്ചു.

ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പില്‍ മരണത്തിനു കാരണക്കാരന്‍ അധ്യാപകനായ സുദര്‍ശന്‍ പദ്മനാഭന്‍ ആണമെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ പൊലീസ് ഈ ആത്മഹത്യാക്കുറിപ്പ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ലത്തീഫ് പറഞ്ഞു. ഫാത്തിമയുടെ മുറി സീല്‍ ചെയ്യുന്നതില്‍ പൊലീസ് വീഴ്ച വരുത്തി. ഇതെല്ലാം അന്വേഷണം അട്ടിമറിക്കാനാണോയെന്നു സംശയിക്കണം.

പൊലീസും ഐഐടി അധികൃതരും ഒത്തുകളിക്കുകയാണ്. ഫാത്തിമയുടെ മരണ ശേഷം ഐഐടിയില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന്‍ പോലും തന്നെ വിളിച്ചിട്ടില്ല. തന്റെ മകളെ കൊന്നതാണോ അവള്‍ ആത്മഹത്യ ചെയ്തതാണോയെന്ന് കണ്ടെത്തണമെന്ന് പിതാവ് ആവശ്യപ്പെട്ടു. സുദര്‍ശന്‍ പദ്മനാഭന്‍ മോശക്കാരനാണെന്ന് ഫാത്തിമ പറഞ്ഞിട്ടുണ്ട്. എസ്പി എന്നാണ് അവള്‍ ഉമ്മയോടു പറഞ്ഞിരുന്നത്. ഇപ്പോഴാണ് അത് സുദര്‍ശന്‍ പദ്മനാഭന്‍ ആണെന്നു ബോധ്യമാവുന്നത്. എല്ലാ വിധത്തിലുള്ള മാനസിക പീഡനത്തിനും മകള്‍ ഇരയായിട്ടുണ്ടെന്ന് ലത്തീഫ് പറഞ്ഞു.

അന്വേഷണത്തില്‍ എല്ലാ സഹായവും മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ലത്തീഫ് പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യം തമിഴ്‌നാട് മുഖ്യമന്ത്രിയോടു സംസാരിച്ചിട്ടുണ്ട്. പൊലീസ് തലത്തിലും ബന്ധപ്പെട്ടിട്ടുണ്ട്. മുമ്പ് ഒരുപാടു ഫാത്തിമമാര്‍ ചെന്നൈ ഐഐടിയില്‍ ജീവനൊടുക്കിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഇനിയും ഫാത്തിമമാര്‍ ഉണ്ടായിക്കൂടാ. അതിനായി ഏതറ്റം വരെയും നിയമ പോരാട്ടം നടത്തുമെന്ന് ലത്തീഫ് മാധ്യമങ്ങളോടു പറഞ്ഞു.

Top