ഫാത്തിമയുടെ മരണം; പിതാവ് മദ്രാസ്‌ ഹൈക്കോടതിയിലേക്ക്

ചെന്നൈ: ഐഐടിയില്‍ മരണപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്ദുള്‍ ലത്തീഫ് മദ്രാസ് ഹൈക്കോടതിയിലേക്ക്. മകളുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ഹര്‍ജികളാവും ലത്തീഫ് ഹൈക്കോടതിയില്‍ നല്‍കുന്നത്.

തന്റെ മകളുടെ മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തുക , മരണപ്പെട്ട മകളെ അവഹേളിച്ചവര്‍ക്കെതിരേയും,മദ്രാസ് ഐ.ഐ.ടിയില്‍ തുടരുന്ന വിദ്യാര്‍ത്ഥി ആത്മഹത്യകളെ കുറിച്ചും അന്വേഷണം നടത്തുക എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫാത്തിമയുടെ പിതാവ് മദ്രാസ് ഹൈക്കാടതിയെ സമീപിക്കുന്നത്.

നിലവിലെ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അന്വേഷണം വഴിതെറ്റിയാല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും പിതാവ് പറഞ്ഞു. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

മുന്‍ സിബിഐ ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തിന്റെ ഭാഗമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രം സിബിഐ അന്വേഷണം എന്ന ആവശ്യം പരിഗണിച്ചാല്‍ മതിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

Top