ഫാത്തിമയുടെ മരണം;3 അധ്യാപകര്‍ക്ക് സമന്‍സ്; 2 വിദ്യാര്‍ത്ഥികള്‍ നിരാഹാരത്തിലേക്ക്‌…

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് ക്രൈംബ്രാഞ്ച് സമന്‍സ്. നേരത്തേ ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പദ്മനാഭന്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരോടാണ് വൈകുന്നേരത്തിനകം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനിടെ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ അനിശ്ചിത കാല നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചു. എം.എ വിദ്യാര്‍ത്ഥികളായ ജസ്റ്റിന്‍ ജോസഫ്, അസര്‍ മൊയ്തീന്‍ എന്നിവരാണ് നിരാഹാരം തുടങ്ങുക. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തണമെന്ന് ചിന്താ ബാര്‍ എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ രാവിലെ അധികൃതര്‍ക്കു മുന്നില്‍ ആവശ്യം മുന്നോട്ടു വെച്ചിരുന്നു.

എന്നാല്‍ ഒമ്പതു മണിയോടെ വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യ കാര്യങ്ങളില്‍ പുറത്തെ ഏജന്‍സിയെ ഇടപെടുത്താമെന്ന് പരാമര്‍ശിച്ച് ഡീന്‍ ഒരു കത്തു നല്‍കിയതല്ലാതെ അനുകൂല പ്രതികരണങ്ങളൊന്നുമുണ്ടായില്ല. ആ സാഹചര്യത്തിലാണ് നിരാഹാരം തുടങ്ങാന്‍ തയ്യാറായത്.

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അധ്യാപകന്‍ പങ്കുണ്ടെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തിയിരുന്നു. കൂടുതല്‍ പേരുടെ കാര്യം തനിക്ക് പറയേണ്ടിവരുമെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.

Top