ഫാത്തിമയുടെ മരണം: പിതാവും ബന്ധുക്കളും മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരം: ഐഐടി മദ്രാസില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ പിതാവ് ലത്തീഫും ബന്ധുക്കളും ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ശ്രമിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം ഫാത്തിമയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ചെന്നൈയിലെത്തുന്നുണ്ട്. ഫാത്തിമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറും. അതേസമയം കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്ന് കൊല്ലത്ത് എത്തി വിശദമായ പരിശോധന നടത്തും.

ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം ഐഐടിയിലേക്ക് പോയി അന്വേഷിക്കും. ഫാത്തിമയുടെ മരണത്തിന് പിന്നാലെ എംഎ ഇന്റഗ്രേറ്റഡ് ബാച്ചിന് ഇപ്പോള്‍ അവധി നല്‍കിയിരിക്കുകയാണ്. മാത്രമല്ല സെമസ്റ്റര്‍ പരീക്ഷകളെല്ലാം നീട്ടി വച്ചു. സഹപാഠികളില്‍ പലരും വീട്ടിലേക്ക് മടങ്ങിയെങ്കിലും ചെന്നൈയിലുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് ആര്‍ സുബ്രഹ്മണ്യം വിവരങ്ങള്‍ തേടും.

ആരോപണവിധേയരായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ മൊഴി രേഖപ്പെടുത്തും. സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്പസ് വിട്ട് പോകരുതെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

പരിശോധനാഫലം വന്നാലുടന്‍ നടപടിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഫാത്തിമയുടെ ലാപ്‌ടോപ്പ്, ടാബ് എന്നിവ കൊല്ലത്ത് എത്തുന്ന അന്വേഷണ സംഘത്തിന് വീട്ടുകാര്‍ കൈമാറും. ഫാത്തിമയുടെ അമ്മയുടേയും സഹോദരിയുടേയും മൊഴിയെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്, മരണത്തിലെ ദുരൂഹത വ്യക്തമാക്കുന്ന രേഖകള്‍ ശ്രദ്ധപ്പെടുത്തുമെന്ന് ഫാത്തിമയുടെ കുടുംബം അറിയിച്ചു.

Top