അവസാന നാളുകളില്‍ അച്ഛന്‍ അവിശ്വാസി ആയിരുന്നില്ല; ഷോബി തിലകന്‍

ഓച്ചിറ: തിലകന്‍ അവസാന നാളുകളില്‍ അവിശ്വാസി ആയിരുന്നില്ലെന്ന് തനിക്കു തോന്നിയതെന്ന് സിനിമാനടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ മകന്‍ ഷോബി തിലകന്‍. അന്ധവിശ്വാസത്തെ അച്ഛന്‍ മരിക്കുംവരെ എതിര്‍ത്തിരുന്നു. എന്നാല്‍ ഞങ്ങളുടെ വിശ്വാസത്തെ ഒരിക്കലും എതിര്‍ത്തിരുന്നില്ല. ഷോബിയും കുടുംബവും ഓച്ചിറയില്‍ ഭജനംപാര്‍ക്കാന്‍ എത്തിയപ്പോഴാണ് ഇത് പറഞ്ഞത്.

2005 മുതല്‍ തുടര്‍ച്ചയായി ഷോബി തിലകനും കുടുംബവും വൃശ്ചികോത്സവ ഭജനത്തിനായി എത്തുന്നുണ്ട്. ഭാര്യ ശ്രീലേഖ, മകന്‍ ദേവനന്ദ്, ഭാര്യയുടെ അമ്മ തങ്കമണിയമ്മ എന്നിവരാണ് ദേവസ്വം ബോര്‍ഡിന്റെ മഠത്തില്‍ ഭജനമിരിക്കുന്നത്. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്. വിദ്യാര്‍ഥിയായ മകള്‍ ദേവയാനിയും എത്തും. പരബ്രഹ്‌മഭക്തനായ ഷോബി തിലകന്‍ സമയം കിട്ടുമ്പോഴെല്ലാം ഓച്ചിറയിലെത്താറുണ്ട്.

കുടുംബത്തോടൊപ്പം പന്ത്രണ്ടു ദിവസവും ഭജനം പാര്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കിലും തിരക്കുമൂലം അതിനു കഴിയാറില്ല. ഇക്കുറി പരമാവധി ദിവസം പരബ്രഹ്‌മത്തിന്റെ മുന്നില്‍ ഭജനമിരിക്കണമെന്ന ആഗ്രഹമുള്ളതിനാല്‍ തന്റെ വര്‍ക്കുകളുടെ ഡബിങ്ങ് അതനുസരിച്ച് ഓച്ചിറയിലുള്ള സ്റ്റുഡിയോയിലേക്ക് മാറ്റിയിട്ടുണ്ട്. പുലര്‍ച്ചെയും വൈകുന്നേരങ്ങളിലുമാണ് കുടുംബം പരബ്രഹ്‌മദര്‍ശനത്തിനായി പോകുന്നത്. ഗുരുവായൂര്‍, മൂകാംബിക, ചോറ്റാനിക്കര ക്ഷേത്രങ്ങളിലും തുടര്‍ച്ചയായി പോകാറുണ്ടെന്ന് ഷോബി തിലകന്‍ പറഞ്ഞു.

Top