പെൺകുട്ടിയെ പ്രതീക്ഷിച്ചു, ജനിച്ചത് ആൺകുട്ടി; നവജാത ശിശുവിനെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു

ഭോപാൽ : മദ്യലഹരിയില്‍ പിതാവ് നവജാത ശിശുവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ബിത്തുൾ ജില്ലയിലെ ബജ്ജർവാഡ് ഗ്രാമത്തിലാണു സംഭവം. പ്രതി അനിൽ ഉയ്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പ്രതീക്ഷിച്ചിരുന്ന ദമ്പതികൾക്ക് ആൺകുട്ടി ജനിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു.

രണ്ട് ആണ്‍മക്കളുടെ പിതാവായ അനില്‍ ഭാര്യയുടെ മൂന്നാം പ്രസവത്തില്‍ ഒരു പെണ്‍കുഞ്ഞിനെയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, 12 ദിവസം മുന്‍പ് ഭാര്യ മൂന്നാമത് പ്രസവിച്ചതും ആണ്‍കുട്ടിയായിരുന്നു. മൂന്നാമത്തെ കുട്ടിയായി ഒരു മകളെ ആഗ്രഹിച്ചിരുന്ന അനില്‍ ഇതിന്റെ നിരാശയിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് വിശദീകരിച്ചു.

ഞായറാഴ്ച വൈകിട്ട് മദ്യപിച്ചെത്തിയ പ്രതി ആദ്യം ഭാര്യയെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഭാര്യയില്‍നിന്ന് കുഞ്ഞിനെ പിടിച്ചുവാങ്ങി. അനിലിന്റെ മര്‍ദനം ഭയന്ന് ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങിയോടി. പിന്നീട് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Top