ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് എഎം ആരിഫ് എംപി

ന്യൂഡല്‍ഹി: ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എഎം ആരിഫ് എംപി ലോക്‌സഭയില്‍ നോട്ടീസ് നല്‍കി. 84 വയസുള്ള സ്വാമിയെ കിരാതമായ യുഎപിഎ നിയമം ചുമത്തി ദേശീയ സുരക്ഷാ ഏജന്‍സി ജയിലിലടച്ചു. ആവശ്യമായ ചികിത്സ നല്‍കിയില്ല. ജാമ്യം നല്‍കണമെന്ന് നിരവധി സംഘടനകള്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയെടുത്തില്ലെന്നും എംപി ചൂണ്ടിക്കാട്ടി.ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും എംപി ആവശ്യപ്പെട്ടു.

സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന എംപി സഞ്ജയ് റൗത്ത് കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു. സ്റ്റാന്‍ സ്വാമിയുടേത് കൊലപാതകമാണെന്ന് സഞ്ജയ് റൗത്ത് ആരോപിച്ചു.

ജൂലൈ അഞ്ചിനാണ് മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചത്. 84 വയസായിരുന്നു. ബാദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭീമ കൊറേഗാവ് കേസില്‍ എന്‍ ഐ എ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

സ്റ്റാന്‍ സ്വാമിക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലുമുണ്ടായിരുന്നു. മുംബൈയിലെ തലോജ ജയിലില്‍ നിന്ന് സ്റ്റാന്‍ സ്വാമിയെ മെയ് 28നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

Top