മദ്യപിക്കാനുള്ള പണത്തിനായി രണ്ട് വയസ്സുള്ള മകളെ പിതാവ് 5000 രൂപയ്ക്ക് വിറ്റു

ഭുവനേശ്വര്‍: മദ്യപിക്കാനുള്ള പണത്തിനായി രണ്ട് വയസ്സുള്ള മകളെ പിതാവ് 5000 രൂപയ്ക്ക് വിറ്റു. ഒഡീഷയിലെ ജാജ്പുര്‍ ജില്ലയിലാണ് സംഭവം. ബിന്‍ജഹരപുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന രമേശ് എന്നയാളാണ് മകളെ 5000 രൂപയ്ക്ക് മീട്ടുജെന എന്നയാള്‍ക്ക് വിറ്റത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ മീട്ടുവിന്റെ വീട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തി. കുട്ടിയെ ശിശുസംരക്ഷണ സമിതിക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. സ്ഥിരം മദ്യപാനിയായ രമേശ് മദ്യപിക്കാനുള്ള പണത്തിന് വേണ്ടിയാണ് കുട്ടിയെ വിറ്റത്.

രമേശിന്റെ മദ്യപാനത്തെച്ചൊല്ലി നേരത്തെ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. മദ്യപാനത്തെ എതിര്‍ത്ത ഭാര്യയെ ഇയാള്‍ ഒരു മാസം മുമ്പ് വീട്ടില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് മൂന്ന് കുട്ടികളോടൊപ്പമായിരുന്നു താമസം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രണ്ട് വയസ്സുള്ള മകളെ വീട്ടില്‍ കാണാത്തതില്‍ രമേശിന്റെ പിതാവിന് സംശയം തോന്നിയത്. രമേശിനോട് വിവരം തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.

കുട്ടിയെ മുത്തച്ഛന്‍ പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് രമേശിനോട് വീണ്ടും കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പണത്തിന് വേണ്ടി കുട്ടിയെ വിറ്റതായി ഇയാള്‍ സമ്മതിച്ചത്. ഇതോടെ രമേശിനെതിരേ പിതാവ് തന്നെ ബിന്‍ജഹരപുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ മീട്ടുജെന എന്നയാള്‍ക്കാണ് 5000 രൂപയ്ക്ക് കുട്ടിയെ വിറ്റതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ പൊലീസ് സംഘം കുട്ടിയെ രക്ഷപ്പെടുത്തി ശിശുസംരക്ഷണ സമിതിക്ക് കൈമാറുകയായിരുന്നു.

 

Top