അമ്മയെ ഉപദ്രവിച്ച മകനെ പിതാവ് കൊലപ്പെടുത്തി

ജാര്‍ഖണ്ഡ്: ഭിന്നശേഷിക്കാരിയായ അമ്മയെ ഉപദ്രവിച്ച മകനെ പിതാവ് കൊലപ്പെടുത്തി. സകേന്ദ്ര സിംഗ് ഖെര്‍വാറാണ് കൊല്ലപ്പെട്ടത്. 30 വയസ്സായിരുന്നു. സംഭവത്തില്‍ ഇയാളുടെ പിതാവായ മഹേശ്വര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട മകന്റെ പാതി കത്തിയ മൃതദേഹം പൊലീസ് കണ്ടെടുത്തു. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം നടന്നത്. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട് സഹിക്കാനാകാതെയാണ് മകനെ വടി കൊണ്ട് അടിച്ചതെന്നും മകൻ സംഭവ സ്ഥലത്തു വച്ച് കൊല്ലപ്പെടുകയായിരുന്നെന്നും പിതാവ് മഹേശ്വര്‍ സിംഗ് പൊലീസിനോട് പറഞ്ഞു. മഹേശ്വര്‍ സിംഗ് കുറ്റം ഏറ്റു പറഞ്ഞെന്ന് ബിശ്രാംപുര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഖുമ കിസ്‌കു പറഞ്ഞു.

ആരുമറിയാതെ മൃതദേഹം കത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് എത്തിയത്. നാട്ടുകാരനാണ് പൊലീസിന് വിവരം നൽകിയത്. കൊല്ലപ്പെട്ട മകന്‍ മദ്യപിച്ചെത്തി വീട്ടുകാരെ ഉപദ്രവിക്കുന്നത് പതിവാണെന്നും നാട്ടുകാര്‍ പറഞ്ഞു.

Top