സിസ്റ്റര്‍ അഭയ കേസില്‍ ഫാദര്‍ ജോസ് പൂതൃക്കൈയിലിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി

കൊച്ചി : സിസ്റ്റര്‍ അഭയ കേസില്‍ ഫാദര്‍ ജോസ് പൂതൃക്കൈയിലിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി. ഫാ. തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണം. ഇവർക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, അപകീര്‍ത്തി കുറ്റങ്ങളാണ് സിബി‌ഐ ആരോപിച്ചിരിക്കുന്നത്.

തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് വിധി പറഞ്ഞത്. മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു കോടതി.

കേസില്‍ കുറ്റക്കാരല്ലെന്ന് കാണിച്ച് പ്രതികള്‍ ഏഴ് വര്‍ഷം മുമ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ശ്രമിക്കുന്നതായി കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കോടതി ആരോപിച്ചിരുന്നു.

സാഹചര്യത്തെളിവുകളുടെയും നാര്‍ക്കോ ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ 2008 നവംബറിലാണു വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. ഒന്നരമാസം റിമാന്‍ഡില്‍ കഴിഞ്ഞ ഇവര്‍ക്കു പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറുമാസം കഴിഞ്ഞു പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു. ഇതിനു പിന്നാലെയാണു കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ചു മൂവരും വിടുതല്‍ ഹര്‍ജി നല്‍കിയത്.

Top