മകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് ക്രൂരമർദനം

കൊല്ലം; മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിന് അച്ഛനെ ക്രൂരമായി മർദിച്ച് മദ്യപസംഘം. പിന്നാലെ മനോവിഷമത്തിൽ അച്ഛൻ ജീവനൊടുക്കി. കൊല്ലം ആയുർ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച മകളേയും കൂട്ടി വീട്ടിലേക്ക് വരുന്ന വഴിക്കാണ് നാല് പേരടങ്ങിയ സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്. മകളെ വീട്ടിലെത്തിച്ച ശേഷം സംഘത്തിന്റെ പ്രവർത്തിയെ ചോദ്യം ചെയ്യാൻ അജയകുമാർ തിരിച്ചുപോയി. എന്നാൽ ഇവർ അജയകുമാറിനെ ക്രൂരമർദനത്തിന് ഇരയാക്കുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് അജയകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മദ്യപസംഘത്തിന്റെ മർദ്ദനത്തിൽ മനംനൊന്താണ് ആത്മഹത്യയെന്ന് കുടുംബത്തിന്റെ ആരോപണം. മർദ്ദനത്തിൽ അജയകുമാറിന്റെ കണ്ണിനും മുഖത്തും പരിക്കേറ്റു. പൊലീസിൽ കേസ് നൽകാനും പരാതിപ്പെടാനും ബന്ധുക്കളാവശ്യപ്പെട്ടെങ്കിലും സംഘം വീണ്ടും മർദ്ദിക്കുമോയെന്ന് ഭയന്ന് പരാതിപ്പെടാൻ അജയകുമാർ തയ്യാറായില്ല. മർദ്ദനമേറ്റതിന് ശേഷം അജയകുമാർ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറായിരുന്നില്ലെന്നും ഭക്ഷണമൊന്നും കഴിക്കാൻ കൂട്ടാക്കിയിരുന്നില്ലെന്നും ഭാര്യ പറഞ്ഞു. വൈകിട്ട് പുറത്തേക്ക് പോയി തിരിച്ച് വന്നശേഷമാണ് ജീവനൊടുക്കിയതെന്നും ഭാര്യ പറഞ്ഞു.

അജയകുമാറിനെ മർദ്ദിച്ച മദ്യപ സംഘത്തെക്കുറിച്ച് വ്യക്തതയില്ല. നിലവിൽ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ച ശേഷം കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Top