സ്വത്ത് എഴുതി കൊടുത്തില്ല, പിതാവിനെ മകന്‍ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

ചണ്ഡിഗഢ്: സ്വത്ത് എഴുതി കൊടുക്കാത്തതിന് മകന്‍ പിതാവിനെ കെട്ടിയിട്ടു മര്‍ദ്ദിച്ചു. 66 കാരനായ കര്‍ഷകനെ പോലീസ് രക്ഷപ്പെടുത്തി.

ഹരിയാനയിലെ ധലോരി ഗ്രാമത്തിലാണ് സംഭവം. മകനും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് മൂന്ന് ദിവസത്തോളമാണ് ബല്‍ബീര്‍ സിങിനെ മര്‍ദ്ദിച്ചത്. ഭക്ഷണം നല്‍കാതെ കട്ടിലില്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. ബല്‍ബീര്‍സിങിന്റെ രോദനം കേട്ട അയല്‍വാസികളാണ് വിവരം പോലീസിനെ അറിയിക്കുന്നത്. തുടര്‍ന്നെത്തിയ പോലീസ് വീട് റെയ്ഡ് ചെയ്ത് സിങിനെ മോചിപ്പിക്കുകയായിരുന്നു.

ഭാര്യയും മകനും അടങ്ങുന്ന കുടുംബാംഗങ്ങള്‍ക്കെതിരെ സിങ് പോലീസില്‍ പരാതി നല്‍കി. തന്റെ ഏക ഉപജീവനമാര്‍ഗ്ഗമായ കൃഷി ഭൂമി മകന്റെ പേരില്‍ എഴുതികൊടുക്കാന്‍ താത്പര്യമില്ലെന്നാണ് സിങ് പോലീസിനെ അറിയിച്ചത്.

മാത്രമല്ല തന്റെ മാനസിക നില ശരിയല്ലെന്ന് തെളിയിച്ച് സ്വത്ത് കൈക്കലാക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാരെന്നും ബല്‍ബീര്‍ സിങ് വ്യക്തമാക്കി.

സിങിന്റെ പരാതിയില്‍ ഏഴ് പേര്‍ക്കെതിരെ പോലീസ് കേസ് റജിസറ്റര്‍ ചെയ്തു. മകന്‍ ഭൂപീന്ദര്‍ സിങ്, സഹോദരീപുത്രന്‍ അബയ് സിങ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Top