സ്വന്തം കുട്ടിയെ വിറ്റ് രണ്ടാം ഭാര്യയ്‌ക്കൊപ്പം കറങ്ങിയ പിതാവ് അറസ്റ്റില്‍

ബെയ്ജിംഗ് : രണ്ട് വയസുകാരനായ മകനെ വിറ്റ് രണ്ടാം ഭാര്യയ്‌ക്കൊപ്പം രാജ്യം ചുറ്റിയ ചൈനീസ് പൗരന്‍ അറസ്റ്റിൽ. ചൈനയിലെ ബെയ്ജിംഗിലാണ് സംഭവം. ഷി എന്നയാളാണ് സ്വന്തം കുട്ടിയെ വിലയ്ക്ക് വിറ്റത്.

ഷിയും ഭാര്യയും തമ്മിൽ ബന്ധം വേർപിരിഞ്ഞതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. ഇവരുടെ രണ്ട് കുട്ടികളിൽ പെൺകുഞ്ഞിന്റെ സംരക്ഷണം അമ്മയും ആൺകുഞ്ഞിന്റെ സംരക്ഷണം അച്ഛനും ഏറ്റെടുത്തു. എന്നാൽ കുഞ്ഞിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഷിയും അയാളുടെ രണ്ടാം ഭാര്യയും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നു. തുടർന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് ജോലി ആവശ്യവുമായി പോകേണ്ടിവന്നതിനാൽ കുഞ്ഞിനെ ഷിയുടെ സഹോദരനായ ലിന്നിനെ നോക്കാൻ ഏൽപ്പിച്ചു.

എന്നാൽ കഴിഞ്ഞ മാസം ഷി കുഞ്ഞിനെ തിരികെ കൂട്ടിക്കൊണ്ടുപോയി. കുഞ്ഞിന്റെ അമ്മയ്ക്ക് അവനെ കാണണമെന്ന് പറഞ്ഞായിരുന്നു അത്. ഒരു മാസം കഴിഞ്ഞിട്ടും കുഞ്ഞിന്റെ വിവരം ലഭിക്കാതെ വന്നതോടെ സഹോദരൻ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിറ്റതായി കണ്ടെത്തി. 1,58,000 യുവാനിന് ( 18 ലക്ഷം) ആണ് കുട്ടിയെ വിറ്റത്. കുഞ്ഞിനെ വിറ്റുകിട്ടിയ പണവുമായി ഭാര്യയുമൊത്ത് ഇയാൾ രാജ്യം ചുറ്റുന്നതിനിടെ പോലീസ് ഇയാളെ പിടികൂടി. തുടർന്ന് കുഞ്ഞിനെ ഷിയുടെ സഹോദരന് കൈമാറി. ഷിയ്ക്കും ഭാര്യക്കുമെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കുകയും ചെയ്തു.

എന്നാൽ ചൈനയിൽ ആദ്യമായല്ല ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നത്. കഴിഞ്ഞ വർഷം ഒരാൾ സ്വന്തം കുഞ്ഞിനെ 17.74 ലക്ഷം രൂപയ്ക്കാണ് അജ്ഞാതന് വിറ്റത്. കൊറോണ മഹാമാരിയെ തുടർന്ന് ജോലി നഷ്ടപ്പെട്ടതോടെയാണ് കുഞ്ഞിനെ വിറ്റ് പണം വാങ്ങിയത്.

Top