സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു

പുതുച്ചേരി: പുതുച്ചേരിയില്‍ സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അപകടം. ദീപാവലി ആഘോഷത്തിന് വാങ്ങിയ പടക്കങ്ങളുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ അച്ഛനും മകനും മരിച്ചു. വ്യാഴാഴ്ച വൈകീട്ട് പുതുച്ചേരിയിലെ കാട്ടുക്കുപ്പത്തായിരുന്നു ദാരുണമായ സംഭവം നടന്നത്. കലൈയരശന്‍, ഇയാളുടെ ഏഴ് വയസുകാരനായ മകന്‍ പ്രദീഷ് എന്നിവരാണ് മരിച്ചത്.

രണ്ട് സഞ്ചികളില്‍ നിറയെ പ്രാദേശിക നിര്‍മ്മിതമായ പടക്കം വാങ്ങി സ്‌കൂട്ടറില്‍ തൂക്കി വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു സ്‌ഫോടനം. സ്‌കൂട്ടറില്‍ തൂക്കിയിരുന്ന പടക്ക സഞ്ചിയ്ക്ക് തീപ്പിടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. ഇരുവരും സ്‌ഫോടന സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സ്‌കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ ഉണ്ടായ ഘര്‍ഷണത്തില്‍ പടക്കത്തിന് ചൂട് പിടിച്ച് പൊട്ടിത്തെറിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയു എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ദീപാവലി ആഘോഷിക്കാന്‍ ഭാര്യ വീട്ടില്‍ പോയി മകനേയും കൂട്ടി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു കലൈയരശന്‍.

Top