ചങ്ങനാശ്ശേരിയില്‍ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത അച്ഛനും ബന്ധുവും അറസ്റ്റില്‍

CHILD-RAPE

കോട്ടയം: ചങ്ങനാശ്ശേരിയില്‍ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അച്ഛനും ബന്ധുവും അറസ്റ്റില്‍. ചങ്ങനാശ്ശേരി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞുതാമസിക്കുകയായിരുന്നു. അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ ശനിയാഴ്ച ദിവസങ്ങളില്‍ അച്ഛന്‍ വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു പതിവ്. ശേഷം തിങ്കളാഴ്ച അമ്മയ്‌ക്കൊപ്പം തിരിച്ചെത്തിക്കും. ഇത്തരത്തില്‍ കഴിഞ്ഞ തവണ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചപ്പോള്‍ അച്ഛനും ബന്ധുവും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

അംഗന്‍വാടിയില്‍ എത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധികൃതര്‍ വിവരം ആരാഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തുപറഞ്ഞത്. ഇതേതുടര്‍ന്ന് അംഗന്‍വാടി അധ്യാപിക പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് അച്ഛനെയും ബന്ധുവിനെയും ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോട്ടയത്തെ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Top