പാകിസ്ഥാനെതിരായ ഗ്രേ ലിസ്റ്റ് പ്രയോഗം ഏറ്റു; ഇന്ത്യയ്ക്ക് തലവേദന കുറയുന്നു

തിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ അല്‍പ്പം ശമനം വന്നതായി സൈനിക മേധാവി ജനറല്‍ എം എം നരവാനെ. തീവ്രവാദ ഫണ്ടിംഗ് നിരീക്ഷിക്കുന്ന എഫ്എടിഎഫ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് തുടരാന്‍ നിര്‍ദ്ദേശിച്ചതിനെക്കുറിച്ച് പേരെടുത്ത് പറയാതെയാണ് ജനറലിന്റെ നിലപാട്. തീവ്രവാദ ഫണ്ടിംഗ് ലഭ്യമാക്കുന്നത് തടയാന്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടെന്നാണ് എഫ്എടിഎഫ് വ്യക്തമാക്കുന്നത്.

ജമ്മു കശ്മീരിലെ തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്കും കുറവ് വന്നതായി സൈനിക മേധാവി വ്യക്തമാക്കി. വിവിധ ഭീകര സംഘങ്ങള്‍ക്ക് മേലുള്ള സമ്മര്‍ദം ഇന്ത്യന്‍ സൈന്യം തുടര്‍ന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പാക് അധീന കശ്മീരില്‍ 1520 തീവ്രവാദി ക്യാംപുകളാണ് ഇപ്പോഴുള്ളത്. ഇവിടെ 250 മുതല്‍ 350 തീവ്രവാദികള്‍ വരെയുണ്ടെന്നാണ് വിവരം, എണ്ണത്തില്‍ വ്യത്യാസം വരാം’, ജനറല്‍ നരവാനെ പറഞ്ഞു.

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് അതിശക്തമായി പാകിസ്ഥാനെതിരെ നിലപാട് സ്വീകരിച്ചാല്‍ അവരുടെ നിലപാടുകളിലും, പ്രവര്‍ത്തനങ്ങളെക്കുറിച്ചും മാറി ചിന്തിക്കാന്‍ നിര്‍ബന്ധിതരാകും. കശ്മീര്‍ താഴ്‌വരയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറയാനുള്ള ഒരു ഘടകം എഫ്എടിഎഫാണ്. പാരീസില്‍ നടക്കുന്ന എഫ്എടിഎഫ് പ്ലീനറിയില്‍ പാകിസ്ഥാനെ എക്കാലവും പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് ചിരകാല സുഹൃത്തായ ചൈനയും മനസ്സിലാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

‘നമുക്ക് വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് തുടങ്ങാന്‍ കഴിയുന്നതിന് മുന്‍പ് പാക് സൈന്യത്തിന്റെ ബിഎടി നടപടികള്‍ തകര്‍ക്കാന്‍ സാധിക്കുന്നത്’, ജനറല്‍ നരവാനെ കൂട്ടിച്ചേര്‍ത്തു. ഗ്രേ ലിസ്റ്റില്‍ നിന്നും പുറത്തുപോകാന്‍ 16 വോട്ടുകളാണ് പാകിസ്ഥാന് ആവശ്യം. കരിമ്പട്ടികയില്‍ പെടാതിരിക്കാന്‍ ചുരുങ്ങിയത് മൂന്ന് വോട്ടും വേണം.

Top