FATAL ATTRACTION IN BANGALURU: HUBBY SHOOTS WIFE’S LOVER, SHE HANGS HERSELF

ബംഗളുരു: ഭാര്യയോടൊപ്പം കാറില്‍ യാത്ര ചെയ്തിരുന്ന കാമുകനെ ഭര്‍ത്താവ് വെടിവച്ചുകൊന്നു. സംഭവത്തിനു പിന്നാലെ സാക്ഷിയായ യുവതി ലോഡ്ജ്‌ മുറിയില്‍ തൂങ്ങിമരിച്ചു.

ബംഗളുരു സ്വദേശിനി ശ്രുതി ഗൗഡയാണ് തൂങ്ങിമരിച്ചത്. ശ്രുതിയുടെ കൂട്ടുകാരന്‍ അമിത് കേശവമൂര്‍ത്തിയെ ശ്രുതിയുടെ ഭര്‍ത്താവ് രാജേഷ് ഗൗഡയും രാജേഷിന്റെ പിതാവ് ഗോപാല്‍കൃഷ്ണയും ചേര്‍ന്നു വെടിവച്ചുകൊല്ലുകയായിരുന്നു.

ഇന്നലെ അമിതിനെ കാണാനായി കഗലിപുരയിലുള്ള വീട്ടില്‍നിന്ന് എത്തിയതായിരുന്നു ശ്രുതി. തുംകുരു റോഡിലുള്ള മദനായകനഹള്ളിയിലെത്തി ശ്രുതിയാണ് തന്റെ വെളുത്ത സ്വിഫ്റ്റ് കാറില്‍ അമിതിനെ കൂട്ടിയത്. ഇവിടെയടുത്തുള്ള ഫ്‌ളാറ്റിലാണ് അമിത് താമസിച്ചിരുന്നത്. ശ്രുതിയുടെ കാറില്‍ രാജേഷ് ജിപിഎസ് യൂണിറ്റ് സ്ഥാപിച്ചിരുന്നു. ഇതു പ്രകാരം ശ്രുതിയെ പിന്തുടര്‍ന്ന രാജേഷും ഗോപാലകൃഷ്ണയും പിന്നീട് ഇരുവരെയും പിന്തുടരുകയായിരുന്നു.

ശ്രുതിയും അമിതും ആചാര്യ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്തു കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍ ഗോപാല്‍കൃഷ്ണയും രാജേഷും കാറില്‍നിന്ന് ഇറങ്ങി അമിതിനെ പിടിച്ചുനിര്‍ത്തി വെടിവയ്ക്കുകയായിരുന്നു. ഗോപാല്‍കൃഷ്ണയാണോ രാജേഷാണോ വെടിവച്ചതെന്നു വ്യക്തമായിട്ടില്ല. ഇടതു നെഞ്ചിലും വലതു ചുമലിലുമാണ് അമിതിനു വെടിയേറ്റിട്ടുള്ളത്. വെടിയേറ്റു വീണ അമിതിനെ കാറില്‍കയറ്റി ശ്രുതിയാണ് ഹെസാരഗട്ട മെയിന്‍ റോഡിലുള്ള സപ്തഗിരി ആശുപത്രിയിലെത്തിച്ചത്. രക്തം അമിതമായി വാര്‍ന്ന നിലയിലായിരുന്നു അമിത്.

ആശുപത്രിയിലെത്തിയ ഉടന്‍തന്നെ കുറച്ചു പണവും രക്തവും വേണമെന്നു ഡോക്ടര്‍മാര്‍ ശ്രുതിയോട് ആവശ്യപ്പെട്ടിരുന്നു. അതു സംഘടിപ്പിക്കാന്‍ ശ്രുതി ശ്രമിക്കുന്നതിനിടയില്‍ അമിത് മരണപ്പെടുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ ശ്രുതി ആശുപത്രിയില്‍നിന്ന് കാറെടുത്തു പുറത്തേക്കു പോവുകയും ഹെസര്‍ഗട്ട മെയിന്‍ റോഡിലുള്ള നെസാര ലോഡ്ജില്‍ മുറിയെടുക്കുകയുമായിരുന്നു. താന്‍ ലോഡ്ജില്‍ മുറിയെടുത്തിരിക്കുകയാണെന്നും അമിതിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും വീട്ടില്‍ വിളിച്ചു പറഞ്ഞിരുന്നു. വീട്ടുകാര്‍ എത്തി ലോഡ്ജ് മുറി തുറന്നു നോക്കിയപ്പോഴേക്കും ശ്രുതി തൂങ്ങിമരിച്ചിരുന്നു.

സൗത്ത് ബംഗളുരുവില്‍ ഭൂമിയിടപാടുകാരനാണ് ഗോപാല്‍കൃഷ്ണ. നീലമംഗള സ്വദേശിയാണ് അമിത്.ബഗലഗുണ്ഡെയിലെ എംഇഐ ലേഔട്ടിലാണ് അമിത് താമസിച്ചിരുന്നത്. പിതാവ് കേശവമൂര്‍ത്തിക്കൊപ്പം അഭിഭാഷകനായി ജോലി ചെയ്തുവരികയായിരുന്നു അമിത്.

ഗോലഹള്ളിയില്‍ പഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫീസറാണ് ശ്രുതി.കഗ്ഗാലിപുരയിലാണ് താമസം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ രാജേഷിനെ ശ്രുതി വിവാഹം കഴിക്കുന്നത്. അമിതും ശ്രുതിയും അകന്ന ബന്ധുക്കളായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ശ്രുതിയും അമിതും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും കുടുംബങ്ങള്‍ ഇതേക്കുറിച്ച് അറിയുകയും ബന്ധം വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ വീണ്ടും ബന്ധം തുടരുന്നതായി രാജേഷ് അറിഞ്ഞു. ഇതോടെ ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ഇയാള്‍ കാറില്‍ ജിപിഎസ് ഘടിപ്പിക്കുകയായിരുന്നു.

രാജേഷ് ഗൗഡയേയും രാജേഷിന്റെ പിതാവ് ഗോപാല്‍കൃഷ്ണയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top