ജീവോല്‍പ്പത്തി പഠനത്തിലേക്ക് വെളിച്ചം വീശുന്ന ഫോസില്‍ കണ്ടെത്തി ശാസ്ത്രലോകം

വാഷിംഗടണ്‍: ജീവോല്‍പ്പത്തിയുടെ ആദ്യഘട്ടത്തിലെ ജീവിയുടെ ഫോസില്‍ കണ്ടെത്തി. സസ്യ ഇലയുടെയോ ഒരു മേശയോളം വലുപ്പമുള്ള ഫിംഗര്‍ പ്രിന്റ് പോലെയോ തോന്നിപ്പിക്കുന്നതാണ് ഇതിന്റെ രൂപം.

കഴിഞ്ഞ 70 വര്‍ഷക്കാലമായി ആയിരക്കണക്കിന് ഫോസിലുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെത്തുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് ഈ പുതിയ കണ്ടുപിടുത്തം. കടലിന്റെ ആഴങ്ങളില്‍ ജീവിക്കുന്ന, ദഹനേന്ദ്രിയങ്ങളില്ലാത്ത അര ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്നതാണ് ഇത്.

വലിയ സസ്യമോ, വളരെ വലുപ്പമുള്ള ഏകകോശ ജീവിയോ, പരിണാമ ഘട്ടത്തില്‍ പരാജയപ്പെട്ടു പോയ എന്തെങ്കിലുമോ ഒക്കെയാകാം ഇതെന്നാണ് ശാസ്ത്രലോകം കരുതിയിരുന്നത്‌.

കണക്കു കൂട്ടലുകള്‍ക്കെല്ലാം അപ്പുറത്ത് ഇതില്‍ നിന്നും കൊളസ്‌ട്രോള്‍ കണ്ടെത്തിയിരിക്കുന്നു. ഭൂമിയിലെ ജീവി വര്‍ഗ്ഗം ഉടലെടുക്കുന്ന കാലത്തുള്ള ഡിക്കിന്‍സോണിയ എന്ന വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികളിലാണ്‌ ഇത്തരത്തിലുള്ള കൊഴുപ്പ് കാണപ്പെടാറുള്ളത്. ഈ ഫോസിലും ആ വിഭാഗത്തില്‍ പെടുന്നവയാണെന്നാണ്‌ പ്രാഥമിക നിഗമനം.

വളരെ വര്‍ഷങ്ങളായി ഈ ഫോസിലിന്റെ പഠനത്തില്‍ മുഴുകിയിരിക്കുകയായിരുന്നു ശാസ്ത്രലോകം. ആദ്യകാല ജീവികളില്‍ ഒന്നായ ഡിക്കിന്‍സോണിയ ആണെന്ന കണ്ടെത്തല്‍ പരിണാമ പഠനങ്ങളിലെ വലിയ നാഴികക്കല്ലായി മാറും.

വാരിയെല്ലു പോലെയുള്ള സെഗ്മെന്റുകള്‍ ഉള്ള ജീവികളാണ് ഡിക്‌സണ്‍സോണിയ. എന്നാല്‍ ദീര്‍ഘ വൃത്താകൃതിയിലായിരിക്കും അതിന്റെ ശരീരം. പല വലുപ്പത്തില്‍ ഇവ കാണപ്പെടുന്നു. 1.4 മീറ്റര്‍ വരെ ഇവ വളരാം.

558 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ ധാരാളമായി കണ്ടിരുന്ന ഒരു വിഭാഗമായിരുന്നു ഇവ. 542-635 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാക്ടീരിയകള്‍ പ്രബലമായിരുന്ന സമയത്ത് എഡിയാകാരാ ബയോട്ട വിഭാഗത്തില്‍പ്പെടുന്നവയായിരുന്നു ഇവ.

ആധുനിക ജീവലോകം ഉണ്ടായ സമയത്തിന് മുന്‍പ്, അതായത് കേംബ്രിയന്‍ സ്‌ഫോടനത്തിന് 20മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവ ജീവിച്ചിരുന്നത്.

കേബ്രിയന്‍ സ്‌ഫോടനം എന്ന ഒരു സംഭവം ജീവ പരിണാമത്തില്‍ ഉണ്ടാകുന്നതിന് മുന്‍പ്‌ മറ്റനേകം ജീവജാലങ്ങള്‍ നിലനിന്നിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ പഠനം. പുഴുക്കള്‍, പ്രാണികള്‍ തുടങ്ങി നിരവധി ജീവജാലങ്ങളുടെ ആദ്യ രൂപമാണ് ഡിക്കിന്‍സോണിയയെന്ന് പ്രൊഫസര്‍ ഡേവിഡ് ഗോള്‍ഡ് പറഞ്ഞു.

റഷ്യയിലെ മലയിടുക്കുകളില്‍ നിന്നാണ് കൊളസ്‌ട്രോള്‍ അടങ്ങിയ ഇവയുടെ ഫോസില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മണല്‍ക്കൂനകള്‍ക്കടിയില്‍ നിന്നാണ് അതിസാഹസികമായി ഈ ഫോസില്‍ ലഭിച്ചത്‌.

കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ഇതൊരു മൃഗമാണെന്ന് പ്രസ്ഥാവിച്ചിരുന്നു. 2015ലും സമാനമായ കണ്ടെത്തല്‍ നടത്തിയിരുന്നു.

എഡികാരിയന്‍ കാലഘട്ടത്തില്‍ മൃഗങ്ങള്‍ ജീവിച്ചിരുന്നു എന്ന വാദത്തെ ശരിവയ്ക്കുന്നതാണ് ആ ഫോസില്‍. ജെല്ലി ഫിഷിനെക്കാളും വെള്ളം കുറഞ്ഞ, കടലിന്റെ ആഴങ്ങളില്‍ വസിച്ചിരുന്ന ജീവ സമൂഹമാണിത്.

Top