ഫാസ്ടാഗ് കളക്ഷന്‍ കുത്തനെ കൂടി;80 കോടി രൂപയ്ക്ക് മുകളിലായെന്ന് ദേശീയപാത അതോരിറ്റി

ഫാസ്ടാഗ് സംവിധാനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. പ്രതിദിന ഫാസ്ടാഗ് കളക്ഷന്‍ 80 കോടി രൂപ കടന്നതായി ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി.ഇതുവരെ 2.20 കോടി ഫാസ്ടാഗുകള്‍ നല്‍കിയിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു. 2021 ജനുവരി ഒന്ന് മുതല്‍ എല്ലാ വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ടോള്‍ ബൂത്തുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഫാസ്ടാഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. 50 ലക്ഷം ഫാസ്ടാഗ് ട്രാന്‍സാക്ഷനുകളാണ് ഒരു ദിവസം നടക്കുന്നത്.റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സ്റ്റിക്കറാണ് ഫാസ്ടാഗ്.

ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാനും ഫാസ്ടാഗ് നിര്‍ബന്ധമാണ്. 2021 ഏപ്രില്‍ ഒന്ന് മുതല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കാനും ഫാസ്ടാഗ് വേണം.

ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ 70 ശതമാനത്തില്‍ അധികം വാഹനങ്ങളിലും ഫാസ്ടാഗ് സംവിധാനം നടപ്പാക്കികഴിഞ്ഞു. ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഒരു വര്‍ഷം കൊണ്ട് 400 ശതമാനമാണ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ഹൈവേകളിലെ യാത്രക്കാര്‍ക്ക് ടോള്‍ പ്ലാസകളില്‍ സമയനഷ്ടവും ഇന്ധനനഷ്ടവും കുറയ്ക്കാന്‍ ഫാസ്ടാഗുകള്‍ സഹായിക്കുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.

Top