ഫാസ്ടാഗ് നീട്ടില്ല; ജനുവരി മുതല്‍ നിര്‍ബന്ധമാക്കും

ഫാസ്ടാഗ് വാഹനങ്ങളില്‍ നിര്‍ബന്ധമാക്കുന്നത് മാര്‍ച്ച് വരെ നീട്ടണമെന്ന നിര്‍ദേശം തള്ളി. 2021 ജനുവരി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാകും. കേന്ദ്രം വിവിധ സംസ്ഥാനങ്ങളെ ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചു. ഇപ്പോള്‍ ദേശീയ പാതകളിലൂടെ ശേഖരിക്കുന്ന ടോളിന്റെ 80 ശതമാനവും ഫാസ്ടാഗ് വഴിയാണെന്ന് കേന്ദ്രം അറിയിച്ചു.

ഏത് ടോള്‍ പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണ് ഫാസ്ടാഗ്. വാഹനങ്ങളില്‍ ഒട്ടിക്കുന്ന ഒരു റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സ്റ്റിക്കറാണിത്. വിന്‍ഡ് സ്‌ക്രീനില്‍ ഫാസ്ടാഗ് ഒട്ടിച്ച വാഹനം ടോള്‍ പ്ലാസയിലൂടെ കടന്നു പോകുമ്പോള്‍ തനിയെ ടോള്‍ ശേഖരിക്കപ്പെടുന്നു. വാഹനം നിര്‍ത്തി ടോള്‍ കൊടുക്കേണ്ട ആവശ്യമില്ല.

ടോള്‍ പ്ലാസയിലെ സംവിധാനം ഇലക്ട്രോമാഗ്നെറ്റിക് ഫ്രീക്വന്‍സി ഉപയോഗിച്ച് വണ്ടിയുടെ വിവരവും പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്ന് പൈസയും എടുക്കുന്നു.

Top