ഫാസ്ടാഗ് ഇല്ലെങ്കില്‍ ടോള്‍പ്ലാസ കടക്കാന്‍ ഇനി ഇരട്ടിത്തുക നല്‍കണം!

തൃശൂര്‍: ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളും പൂര്‍ണമായി ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറുന്നു. ഫാസ്ടാഗ് ഇല്ലാത്ത വാഹനമെത്തിയാല്‍ ഇരട്ടി ടോള്‍ തുക ഈടാക്കാനാണ് ടോള്‍ പ്ലാസ അതോറിറ്റിയുടെ തീരുമാനം. പ്രദേശവാസികള്‍ക്കും ഇത് ബാധകമാണ്. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ ഉള്‍പ്പെടെ പുതിയ ടെക്‌നോളജിയിലേയ്ക്ക് മാറും.

നിലവില്‍ 2014 നവംബര്‍ 21 ന് ഇറങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക വിജ്ഞാപന പ്രകാരം ടോള്‍ പ്ലാസയിലെ ഫാസ്ടാഗ് ഗേറ്റിലൂടെ ഫാസ്ടാഗ് ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല. എന്നാല്‍ ടോള്‍ പ്ലാസകളിലൊന്നും ഇത് കര്‍ശനമായി പലപ്പോഴും നടപ്പിലാക്കാറില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറുമ്പോള്‍ പാലിയേക്കരയിലെ 12 ട്രാക്കുകളിലും പണം നല്‍കാനാകില്ല. ഫാസ്ടാഗ് ഇല്ലാത്തവര്‍ക്കായി പ്രത്യേക ഗേറ്റ് ഉണ്ടാകില്ല. ഫാസ്ടാഗ് ഗേറ്റുകളിലൂടെ ഇവര്‍ പ്രവേശിച്ചാല്‍ ഇരട്ടി തുക നല്‍കേണ്ടിയും വരും. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍ ഇന്‍ഷുറസ് പുതുക്കാനും സാധിക്കില്ല. പ്രതിദിനം 40000 വാഹനങ്ങളാണ് ഈ വഴി കടന്നുപോകുന്നത്. ഇതില്‍ 55 ശതമാനം പേര്‍ മാത്രമേ ടാഗ് എടുത്തിട്ടുള്ളൂ.

Top