‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9’ പുതിയ ടീസര്‍ പുറത്തിറങ്ങി

ഹോളിവുഡ് ആക്ഷന്‍ ഫിലിം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസില്‍ നിന്ന് വരുന്ന ഒമ്പതാം ചിത്രം ‘എഫ് 9: ദി ഫാസ്റ്റ് സാഗ’യിലെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ജസ്റ്റിന്‍ ലിന്‍ ആണ് ഹോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ആദ്യത്തെ ട്രെയിലര്‍ റിലീസ് ചെയ്തത്.

പിന്നീട് കൊവിഡ് കാരണം സിനിമയുടെ റിലീസ് നീട്ടിവക്കുകയായിരുന്നു. എഫ് 9: ദി ഫാസ്റ്റ് സാഗ ജൂലൈ എട്ടിന് തിയേറ്ററുകളില്‍ പുറത്തിറങ്ങുമെന്ന് പുതിയ ട്രെയിലറിലൂടെ നിര്‍മാതാക്കള്‍ അറിയിച്ചു. ഡൊമിനിക്ക് ടൊറെറ്റോയാണ് ചിത്രത്തിലെ പ്രധാന താരം. വിന്‍ ഡീസല്‍, മിഷേല്‍ റോഡിഗസ്, ജോണ്‍ സീന, ടൈസീ ഗിബ്സണ്‍, ജോര്‍ദാസ ബ്രൂസ്റ്റര്‍, നതാലി ഇമ്മാനുവല്‍ ചാര്‍ലിസ് തെറോണ്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

2017ലെ ദി ഫേറ്റ് ഓഫ് ദി ഫ്യൂരിയിസിന്റെ തുടര്‍ച്ചയായാണ് ഒമ്പതാം ഭാഗമെത്തുന്നത്. സ്റ്റീഫന്‍ എഫ്. വിന്‍ഡണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന അമേരിക്കന്‍ ആക്ഷന്‍ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ബ്രയാന്‍ ടൈലര്‍ ആണ്. ഗാരി സ്‌കോട്ട് തോംസണിന്റെ കഥാപാത്രങ്ങളെ ആസ്പദമാക്കി ഡാന്‍ കാസി ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നു. യൂണിവേഴ്സല്‍ പിക്ചേഴ്സാണ് നിര്‍മാതാക്കള്‍.

Top