ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്; നിക്ഷേപകർ വീണ്ടും സമരത്തിലേക്ക്

കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ നിക്ഷേപകർ വീണ്ടും സമരത്തിലേക്ക്. കേസിൽ മുഴുവൻ ഡയറക്ടർമാരേയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ പുരോഗമിക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.

തട്ടിപ്പിനരയായ മുഴുവൻ പേരുടെയും പണം തിരികെ ലഭിക്കുന്നതിനായി നടത്തിവരുന്ന സമരവും, നിയമപരമായ ഇടപെടലും ശക്തമാക്കാനാണ് നിക്ഷേപകരുടെ തീരുമാനം. പ്രശ്ന പരിഹാരത്തിനായി ലീഗ് നേതൃത്വം ഇടപെട്ട് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് നിക്ഷേപകർ പറയുന്നു. തട്ടിപ്പിൽ എട്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും നാല് പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ജ്വല്ലറിയുടെ മുഴുവൻ ഡയറക്ടർമാരേയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

ജ്വല്ലറി ചെയർമാനും മഞ്ചേശ്വരം മുൻ എംഎൽഎയുമായിരുന്ന എംസി കമറുദ്ദീൻ, മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങൾ എന്നിവരിൽ കേസ് ഒതുക്കാനുള്ള ശ്രമമാണ് പൊലീസിൻറെ ഭാഗത്ത് നിന്നുള്ളതെന്നും നിക്ഷേപകർ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കണ്ണൂർ റൂറൽ എസ്പിക്ക് നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ഡയറക്ടർമാരുടെ വീട്ടു പടിക്കലിലേക്ക് സമരം വ്യാപിപ്പിക്കാനാണ് നിക്ഷേപകരുടെ തീരുമാനം.

Top