കങ്കണയെ ബഹിഷ്‌കരിച്ച് ഫാഷന്‍ ഡിസൈനര്‍മാര്‍

വിവാദ പരാമര്‍ശങ്ങള്‍ അടങ്ങുന്ന ട്വീറ്റുകള്‍ പങ്കുവച്ചതിനെ തുടര്‍ന്ന് ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ ബോളിവുഡ് നടി കങ്കണ റണൗട്ടിനെ ബഹിഷ്‌കരിച്ച് പ്രമുഖ ഫാഷന്‍ ഡിസൈനര്‍മാരായ ആനന്ദ് ഭൂഷണും റിംസിം ഡാഡുവും. കങ്കണയുമായി ഇനി ഒരിക്കലും സഹകരിച്ച് പ്രവര്‍ത്തിക്കില്ലെന്നും മുന്‍കാലങ്ങളില്‍ എടുത്ത താരത്തിന്റെ എല്ലാ ചിത്രങ്ങളും നീക്കം ചെയ്യുന്നതായും ആനന്ദ് ഭൂഷണ്‍ ട്വിറ്ററില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വിശദീകരിച്ചു.

‘ഇന്നത്തെ ചില സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ സമൂഹ മാധ്യമ ചാനലില്‍ നിന്ന് കങ്കണ റണൗട്ടുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഭാവിയിലും അവരുമായി സഹകരിക്കില്ലെന്ന് ഉറപ്പ് പറയുന്നു.

ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ അവരുടെ വിദ്വേഷ പ്രസംഗത്തെ പിന്തുണയ്ക്കാനാകില്ല’ ആനന്ദ് ഭൂഷണ്‍ പറഞ്ഞു. ഡിസൈനര്‍ റിംസിം ഡാഡുവും കങ്കണയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വിശദമാക്കി. ഉചിതമായ കാര്യം ചെയ്യാന്‍ വൈകിയിട്ടില്ലെന്നും നടിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. എല്ലാ തരത്തിലുള്ള അക്രമവും അപലപിക്കപ്പെടേണ്ടതാണെന്നും റിംസി വ്യക്തമാക്കി.

എന്നാല്‍, ഫാഷന്‍ ഡിസൈനറുമാരുടെ ബഹിഷ്‌കരണത്തിന് എതിരെ പ്രതികരണവുമായി കങ്കണയുടെ സഹോദരി രംഗോലി ചന്ദേല്‍ എത്തി. ഇരുവര്‍ക്കുമെതിരെ നിയമപരമായി പോരാടുമെന്ന് രംഗോലി അറിയിച്ചു. കങ്കണയ്ക്ക് ആനന്ദ് ഭൂഷണിന്റെ ബ്രാന്‍ഡുമായി ബന്ധമില്ലെന്നും തന്റെ സഹോദരിയുടെ പേരില്‍ മൈലേജ് നേടാനുള്ള ശ്രമമാണിതെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു. കങ്കണയുടെ പേര് ബ്രാന്‍ഡിനൊപ്പം വലിച്ചിടാനുള്ള ശ്രമത്തെ നിയമപരമായി നേരിടുമെന്നുമാണ് രംഗോലി ചന്ദേല്‍ പറഞ്ഞത്.

എന്നാല്‍, ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ഭൂഷണിന്റെ തീരുമാനത്തെ പ്രശംസിച്ച് സ്വര ഭാസ്‌കര്‍ അടക്കമുള്ള സിനിമാതാരങ്ങള്‍ പ്രതികരിച്ചു. ട്വിറ്റര്‍ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടുന്നതിന് മുമ്പ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കെട്ടഴിഞ്ഞ ഒരു ഭീകരജീവിയെന്ന് താരം ഉപമിച്ചിരുന്നു.

ഇതിനെതിരെ രണ്ടായിരത്തിന്റെ തുടക്കത്തിലുള്ള അവതാരത്തിലേക്ക് മാറൂ മോദിയെന്നും കങ്കണ ട്വീറ്റ് ചെയ്തു. ഗുജറാത്ത് കലാപത്തെ ഉദ്ദേശിച്ചുള്ള പരാമര്‍ശത്തിനെതിരെയാണ് അക്കൗണ്ട് ട്വിറ്റര്‍ എന്നെന്നേക്കുമായി പൂട്ടിയത്.

 

Top