ന്യൂഡല്‍ഹി: കാഷ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ മൂന്നാം കക്ഷിയുടെ മാധ്യസ്ഥമാകാമെന്ന് ജമ്മുകാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള.
കാഷ്മീര്‍ വിഷയം രമ്യമായി പരിഹരിക്കാന്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ഇന്ത്യ ആരായണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്താകമാനം ഇന്ത്യക്ക് നിരവധി സുഹൃത്തുക്കളുണ്ട്. അവര്‍ക്ക് മാധ്യസ്ഥം വഹിക്കാന്‍ കഴിയും. കാഷ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടാന്‍ താല്പര്യമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. മാധ്യസ്ഥം വഹിക്കാന്‍ താല്പര്യമുണ്ടെന്ന് ചൈനയും അറിയിച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
എന്നാല്‍ മാധ്യസ്ഥത സംബന്ധിച്ച പ്രസ്താവനയില്‍ അദ്ദേഹം പിന്നീട് വെള്ളം ചേര്‍ത്തു. തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചര്‍ച്ചയ്ക്ക് സാഹചര്യം സൃഷ്ടിക്കാന്‍ മൂന്നാം കക്ഷിക്ക് സാധിക്കുമെന്നാണ് താന്‍ പറഞ്ഞത്.
ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ച നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ മേഖലയിലെ സമാധാന അന്തരീക്ഷത്തിന് അത് അത്യാവശ്യമാണെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. ഇന്ത്യക്കും പാക്കിസ്ഥാനും ചര്‍ച്ച ആരംഭിക്കാന്‍ പ്രയാസമാണെങ്കില്‍ അതിനുള്ള വഴിയൊരുക്കാന്‍ ചൈനയ്ക്കും ഫ്രാന്‍സിനും സാധിക്കും. മൂന്നാം കക്ഷിക്ക് ചര്‍ച്ചയ്ക്കുള്ള സാഹചര്യം സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.