നടപടി പിന്‍വലിച്ചു, ഫറൂഖ് അബ്ദുള്ളയ്ക്ക് മോചനം; ഏഴ് മാസത്തെ വീട്ടു തടങ്കലിന് വിട

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ കരുതല്‍ തടങ്കലിലാക്കപ്പെട്ട ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചു. ഫാറൂഖ് അബ്ദുള്ളയെ തടങ്കിലാക്കിയ നടപടി പിന്‍വലിച്ചുക്കൊണ്ട് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഉത്തരവിറക്കിയത്.

ഏഴ് മാസത്തെ വീട്ടു തടങ്കലിന് ശേഷമാണ് മുന്‍ മുഖ്യമന്ത്രിക്ക് മോചനം ലഭിക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കപ്പെട്ടതിന് പിന്നാലെയാണ് 81കാരനായ ഫറൂഖ് അബ്ദുള്ള അടക്കം നിരവധി നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയത്.

ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ ശക്തിയാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ തലമുതിര്‍ന്ന നേതാവാണ് ഫറൂഖ് അബ്ദുള്ള.

അതേസമയം തടങ്കലിലുള്ള മറ്റു മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയേയും മെഹബൂബ മുഫ്തിയേയും മോചിപ്പിച്ചിട്ടില്ല.

Top