ജിയോ ബേബി വിവാദം: വിഷയത്തില്‍ നേരത്തെ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍

കോഴിക്കോട്: സംവിധായകന്‍ ജിയോ ബേബിയെ പരിപാടിയില്‍ നിന്നൊഴിവാക്കിയ വിവാദത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എ. ഐഷ സ്വപ്ന. വിഷയത്തില്‍ നേരത്തെ വിശദീകരണം നല്‍കിയിട്ടുണ്ട്. വിഷയത്തെ പറ്റി സംവിധായകന്‍ ജിയോ ബേബിയുമായി സംസാരിച്ചിരുന്നു. കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ജിയോ ബേബിയെ കോളേജിലെ പരിപാടിയ്ക്ക് ക്ഷണിച്ചിട്ട് അവസാന നിമിഷം റദ്ദാക്കിയത് വിവാദമായിരുന്നു. ഈ വിഷയത്തിലായിരുന്നു പ്രതികരണം.

കഴിഞ്ഞ ഡിസംബറിലാണ് കോഴിക്കോട് ഫാറൂഖ് കോളേജിനെതിരെ സംവിധാകന്‍ ജിയോ ബേബി രംഗത്തെത്തുന്നത്. ഡിസംബര്‍ അഞ്ചാം തിയതി കോളേജ് ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ തന്നെ ക്ഷണിച്ചിരുന്നുവെന്നും പിന്നീടത് മുന്‍കൂട്ടി അറിയിക്കാതെ റദ്ദാക്കിയെന്നും ജിയോ ബേബി പറയുന്നു. പ്രിന്‍സിപ്പലിന് മെയില്‍ അയച്ചിട്ട് ഇതുവരെയും മറുപടി തന്നില്ലെന്നും കോളേജ് വിദ്യാര്‍ത്ഥി യൂണിയന്റെ കത്ത് ലഭിച്ചെന്നും സംവിധായകന്‍ പറഞ്ഞു. തന്റെ ധാര്‍മിക മൂല്യമാണ് അവര്‍ പ്രശ്‌നമായി പറഞ്ഞതെന്നും ജിയോ പറഞ്ഞു. വിഷയത്തില്‍ താന്‍ അപമാനിതന്‍ ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ജിയോ ബേബി വ്യക്തമാക്കി. ഇത്തരം വിദ്യാര്‍ത്ഥി യൂണിയന്‍ എന്ത് ആശയമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് പങ്കുവച്ച വീഡിയോയിലാണ് ജിയോ ബേബി ഇക്കാര്യം പറഞ്ഞത്.

Top