കര്‍ഷക പ്രക്ഷോഭം; പ്രതിപക്ഷത്തിന് ഇരട്ട നിലപാടെന്ന് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് ഒരു ലജ്ജയുമില്ലാതെ ഇരട്ട നിലപാടാണ് പ്രതിപക്ഷവും മറ്റു രാഷ്ട്രീയ കക്ഷികളും സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച വിഷയത്തിലേക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ എടുത്തുചാടുകയായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ കാര്‍ഷിക മേഖലയിലെ പരിഷ്‌കരണത്തിനായി ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ത്തന്നെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചെയ്തത്.

അവര്‍ മുന്‍പ് ചെയ്ത കാര്യങ്ങള്‍ മറന്നിട്ട്, പ്രതിപക്ഷം എതിര്‍ക്കാന്‍ വേണ്ടി മാത്രം എതിര്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ 2019ലെ പ്രകടനപത്രികയില്‍ എപിഎംസി നിയമം റദ്ദാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ കാര്‍ഷിക നിയമത്തെ എതിര്‍ക്കുന്ന ശരദ് പവാര്‍ കൃഷിമന്ത്രിയായിരുന്ന കാലത്ത് വിപണിയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചിരുന്നതായും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Top