ബി.ജെ.പി സർക്കാറിനെ വെട്ടിലാക്കുന്ന കർഷക സമരവുമായി വീണ്ടും സി.പി.എം

ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയെ ചുവപ്പിക്കാന്‍ ചെമ്പട വീണ്ടും ഇറങ്ങുന്നു.ബി.ജെ.പി സര്‍ക്കാറിന്റെ കര്‍ഷകവഞ്ചനക്കെതിരെ വീണ്ടും ഒരിക്കല്‍ കൂടി ലോങ്ങ് മാര്‍ച്ച് നടത്തി ചരിത്രം രചിക്കാനാണ് സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭ തീരുമാനിച്ചിരിക്കുന്നത്.

ഫെബ്രുവരി 20 ന് നാസിക്കില്‍ നിന്നും ഒരു ലക്ഷം കര്‍ഷകര്‍ ഭരണ ആസ്ഥാനമായ മുംബൈയിലേക്ക് മാര്‍ച്ച് നടത്തും. ആവശ്യങ്ങള്‍ നേടിയെടുക്കാതെ ഒരു കാരണവശാലും പിന്‍മാറുന്ന പ്രശ്നമില്ലന്നാണ് കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 6ന് നാസിക്കില്‍ തുടങ്ങി 12ന് മുംബൈയിലെത്തിയ കര്‍ഷക മാര്‍ച്ചില്‍ അരലക്ഷം കര്‍ഷകരാണ് അണിനിരന്നിരുന്നത്. ഇത്തവണ അതിന്റെ ഇരട്ടി പേരെ പങ്കെടുപ്പിക്കുവാനുള്ള കിസാന്‍ സഭ തീരുമാനം വ്യക്തമായ ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ളത് തന്നെയാണ്.

ലോക്സഭ-നിയമ സഭ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ കര്‍ഷകര്‍ക്കിടയിലുള്ള സ്വാധീനം വോട്ടായി മാറുമെന്ന പ്രതീക്ഷ സി.പി.എമ്മിനുണ്ട്.

ഇത്തവണ മഹാരാഷ്ട്ര ബി.ജെ.പിക്ക് കൈവിട്ടാല്‍ അതിന് ഉത്തരവാദി കോണ്‍ഗ്രസോ, ശിവസേനയോ ആയിരിക്കില്ല, മറിച്ച് സി.പി.എമ്മും അതിന്റെ കര്‍ഷക വിഭാഗമായ കിസാന്‍ സഭയും ആയിരിക്കും.

180 കിലോമീറ്റര്‍ നീണ്ട ലോങ്ങ് മാര്‍ച്ചോടെ കിസാന്‍സഭ മുന്‍പ് സൃഷ്ടിച്ചത് പുതിയ ചരിത്രമാണ്.ഇതിന്റെ അലയൊലിയാണ് പിന്നീട് മധ്യ പ്രദേശിലേക്കും രാജ്യസ്ഥാനിലേക്കും പടര്‍ന്നത്. ബി.ജെ.പിക്ക് ഈ സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടമാകുന്നതിന് മഹാരാഷ്ട്ര മോഡലില്‍ നടന്ന കര്‍ഷക സമരങ്ങള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഇവിടങ്ങലില്‍ വിത്ത് വിതച്ചത് ചെമ്പടയാണെങ്കില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും നേട്ടം കൊയ്തത് കോണ്‍ഗ്രസ്സാണ്.സംഘടനാപരമായ ദൗര്‍ബല്യമാണ് ഈ സംസ്ഥാനങ്ങളില്‍ സി.പി.എമ്മിന് തിരിച്ചടിയായത്. കര്‍ഷക വികാരം ഫലപ്രദമായി ഉപയോഗിച്ച് അധികാരത്തില്‍ എത്താന്‍ അതിനാല്‍ തന്നെ കോണ്‍ഗ്രസ്സിന് എളുപ്പം സാധിച്ചു. എന്നാല്‍ ഈ പരിമിതി മഹാരാഷ്ട്രയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇതിനകം തന്നെ സി.പി.എം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ നേതാക്കളെ ഉള്‍പ്പെടെ മഹാരാഷ്ട്രയില്‍ നിന്നും മത്സരിപ്പിക്കാനാണ് സി.പി.എം തീരുമാനം.മഹാരാഷ്ട്രയില്‍ ചെങ്കൊടി പിടിച്ച് കര്‍ഷകര്‍ നടത്തിയ ലോങ് മാര്‍ച്ച് ലോക മാധ്യമങ്ങളില്‍ തന്നെ മുന്‍പ് നിറഞ്ഞുനിന്നിരുന്നു.

കമ്യൂണിസ്റ്റുകള്‍ക്ക് കാര്യമായ വേരോട്ടമില്ലാത്ത മഹാരാഷ്ട്രയില്‍ അരിവാള്‍ ചുറ്റിക അലേഖനം ചെയ്ത ചുവപ്പ് പതാക പിടിച്ച് പതിനായിരങ്ങള്‍ 180 കിലോമീറ്റര്‍ നടന്നതാണ് ഏവരെയും ഞെട്ടിച്ചത്.

ചോരയൊലിക്കുന്ന കാല്‍പാദങ്ങളുമായി മുംബൈയില്‍ എത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ള കര്‍ഷകര്‍ക്ക് ഭക്ഷണം നല്‍കാനും കുടിവെള്ളം നല്‍കാനും നഗരവാസികള്‍ തന്നെ രംഗത്തിറങ്ങുകയുണ്ടായി.

കര്‍ഷക പ്രക്ഷോഭത്തില്‍ വിറച്ച ദേവേന്ദ്ര ഫട്നാവിസ് സര്‍ക്കാര്‍, ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ചതിനു ശേഷമാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചിരുന്നത്.ഈ തീരുമാനം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ നേരിട്ട് കര്‍ഷകരെ അഭിസംബോധന ചെയ്താണ് പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ ഒത്തു തീര്‍പ്പ് തീരുമാനങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചതോടെ വീണ്ടും രൂക്ഷമായ സമരം ആരംഭിക്കാന്‍ സി.പി.എം പി.ബിയാണ് കിസാന്‍ സഭക്ക് അനുമതി നല്‍കിയത്.

തിരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ വീണ്ടും പോര്‍മുഖം തുറക്കുന്നത് ബി.ജെ.പിക്ക് വന്‍ തലവേദനയാകും. നിലവില്‍ ഘടക കക്ഷിയായ ശിവസേന തന്നെ ബി.ജെ.പി നേതൃത്വവുമായി ഉടക്കിലാണ്.നേരത്തെ കര്‍ഷക മാര്‍ച്ച് മുംബൈയില്‍ എത്തുന്നതിനു മുന്‍പ് വഴിയിലെത്തി ശിവസേന മന്ത്രിമാര്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു.


കടക്കെണിയില്‍പ്പെട്ട് കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യചെയ്യുന്ന സാഹചര്യം ഉണ്ടായതാണ് പ്രക്ഷോഭം വീണ്ടും സജീവമാകാന്‍ കാരണമായിരിക്കുന്നത്.

Top