മഹാരാഷ്ട്രയിൽ ബി.ജെ.പി നേതൃത്വം ചോദിച്ചു വാങ്ങുന്നത് വമ്പൻ തിരിച്ചടി ?

ധ്യപ്രദേശിന്റെയും രാജസ്ഥാന്റെയും ഭരണം കൈവിട്ടിട്ടും പാഠം പഠിക്കാതെ ബി.ജെ.പി. നിര്‍ണ്ണായകമായ ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്ര കൂടി കൈവിടുന്ന സാഹചര്യം സ്വയം ഉണ്ടാക്കിയിരിക്കുകയാണിപ്പോള്‍ ആ പാര്‍ട്ടി. രണ്ടാം കര്‍ഷക ലോംങ് മാര്‍ച്ച് നാസിക്കില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ടത് ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാറിനെ സംബന്ധിച്ച് വന്‍ വെല്ലുവിളിയാണ് ഇനി ഉയര്‍ത്തുക.

പൊലീസ് വിലക്കുകളും പ്രതിസന്ധികളും മറികടന്നാണ് സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭ ഇത്തവണ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.ആദ്യത്തെ ലോങ് മാര്‍ച്ച് കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഉറപ്പുകള്‍ ഒന്നും തന്നെ നടപ്പാക്കാന്‍ ബി.ജെപി ഭരണകൂടം തയ്യാറാകാതിരുന്നതാണ് വീണ്ടും കര്‍ഷകരെ ചെങ്കൊടിയേന്താന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

180 കിലോമീറ്ററോളം താണ്ടി 27ന് മഹാരാഷ്ട്ര നിയമസഭ വളയാനാണ് കര്‍ഷകര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പൊലീസ് വിലക്ക് ലംഘിച്ചാണ് ലോംഗ് മാര്‍ച്ച്.മാര്‍ച്ചിന് അനുമതി നിഷേധിച്ച് നടുറോഡില്‍ വച്ച് നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ സമര നേതൃത്വം കര്‍ഷകര്‍ തന്നെ ഏറ്റെടുക്കുന്ന കാഴ്ചക്കും ബുധനാഴ്ച രാത്രി മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചു.

പൊലീസ് തടഞ്ഞതിനാല്‍ പല ജില്ലകളില്‍ നിന്നും നല്ലൊരു വിഭാഗം കര്‍ഷകര്‍ക്കും നാസിക്കില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ പ്രതിസന്ധികളെല്ലാം കാറ്റില്‍ പറത്തി എത്തിയവര്‍ മാര്‍ച്ചില്‍ അണിനിരന്നിരിക്കുകയാണ്. മാര്‍ച്ച് തടഞ്ഞ പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്നാണ് കിസാന്‍ സഭ നേതൃത്വത്തിന്റെ ആരോപണം.

23 ജില്ലകളില്‍ നിന്നായി 5,0000 ത്തോളം കര്‍ഷകരാണ് ലോംങ് മാര്‍ച്ചില്‍ അണിനിരക്കുന്നത്. സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുക, വനാവകാശ നിയമം നടപ്പാക്കുക തുടങ്ങിയവയാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍. ഇനി ഒരു ചര്‍ച്ച മാര്‍ച്ച് നടത്തി കൊണ്ട് മാത്രമേ ഒള്ളൂവെന്നും. ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്‍മാറില്ലന്നും കിസാന്‍ സഭ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

48 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന മഹരാഷ്ട്ര ബി.ജെ.പിയെ സംബന്ധിച്ച് നിര്‍ണ്ണായക സംസ്ഥാനമാണ്. കര്‍ഷക പ്രക്ഷോഭം വീണ്ടും ആളിക്കത്തുന്നത് ബി.ജെ.പിയുടെ സാധ്യതകളെ ബാധിക്കുമെന്ന ആശങ്ക പാര്‍ട്ടി അണികള്‍ക്കിടയില്‍ പോലും ശക്തമാണ്. കഴിഞ്ഞ രാജസ്ഥാന്‍, മധ്യപ്രദേശ് തിരിഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതില്‍ പാഠം പഠിക്കാത്ത ബി.ജെ.പി നേതൃത്വത്തിന്റെ നിലപാടില്‍ രാഷ്ട്രീയ നിരീക്ഷകരും അമ്പരന്നിരിക്കുകയാണ്. കര്‍ഷകരോടുള്ള പിടിവാശി ലോകസഭനിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഡല്‍ഹിയില്‍ 208 കര്‍ഷക സംഘടനകള്‍ സംയുക്തമായി നടത്തിയ മാര്‍ച്ചിന്റെ വിജയത്തിനു പിന്നാലെയാണ് സി.പി.എം കര്‍ഷക സംഘടന മുന്‍കൈ എടുത്ത് ഒറ്റക്ക് മഹാരാഷ്ട്രയില്‍ വീണ്ടും പ്രക്ഷോഭത്തിന് തിരികൊളുത്തിയിരിക്കുന്നത്.

കഴിഞ്ഞ തവണ നടത്തിയ ലോങ് മാര്‍ച്ച് ഇന്ത്യയുടെ കര്‍ഷക പോരാട്ട ചരിത്രമാണ് തിരുത്തി എഴുതിയിരുന്നത്. ചോരയൊലിക്കുന്ന കാല്‍ പാദങ്ങളുമായി 180 കിലോമീറ്റര്‍ നടന്ന് വന്ന കര്‍ഷകര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കാന്‍ നഗരവാസികള്‍ ഉള്‍പ്പെടെ പതിനായിരങ്ങളാണ് റോഡിന് ഇരുവശവും തടിച്ച് കൂടിയിരുന്നത്. ഈ ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ ബി.ജെ.പി സഖ്യകക്ഷിയായ ശിവസേനയുടെയും ചങ്കിടിക്കുകയാണ്. കഴിഞ്ഞ തവണ പ്രക്ഷോഭത്തിന് ശിവസേന പിന്തുണ നല്‍കുകയും. സര്‍ക്കാര്‍ നിലപാടിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു. ബി.ജെ.പി ശിവസേന ഭിന്നതയുടെ പശ്ചാത്തലത്തിലായിരുന്നു ഈ പിന്തുണ. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പിയുമായി സഖ്യം തുടരാന്‍ ശിവസേന തീരുമാനിച്ചതിനാല്‍ സര്‍ക്കാര്‍ വിരുദ്ധ ജനവികാരം അവരുടെ സാധ്യതകള്‍ക്ക് മേലും കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ് .

മധ്യപ്രദേശിലും രാജസ്ഥാനിലും ഭരണം നഷ്ടപ്പെട്ടതില്‍ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭം വലിയ പങ്ക് വഹിച്ചതായി ബി.ജെ.പിയുടെ സംസ്ഥാന ഘടകങ്ങള്‍ തന്നെയാണ് വിലയിരുത്തിയിരുന്നത്.ഈ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭത്തിന്റെ വിത്ത് വിതച്ചത് സി.പി.എം കര്‍ഷക സംഘടനയാണെങ്കിലും തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തത് കോണ്‍ഗ്രസ്സ് ആയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സംഘടനാപരമായി സി.പി.എമ്മിന് ഈ സംസ്ഥാനങ്ങളിലുള്ള പരിമിതി കോണ്‍ഗ്രസ്സിന് നേട്ടമാകുകയായിരുന്നു.

അതേ സമയം മത്സരിച്ച പരിമിതമായ സീറ്റുകളില്‍ രാജസ്ഥാനില്‍ നിന്നും രണ്ട് സീറ്റുകളില്‍ വിജയിക്കാനും ലക്ഷങ്ങളുടെ വോട്ട് വര്‍ദ്ധന ഉണ്ടാക്കാനും സി.പി.എമ്മിന് കഴിഞ്ഞിരുന്നു. ഒരു കാലത്ത് ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ ശക്തികേന്ദ്രമായിരുന്ന മഹാരാഷ്ട്രയില്‍ ആ പ്രതാപം തിരിച്ചു കൊണ്ടുവരാന്‍ കര്‍ഷക പ്രക്ഷോഭം വഴി കഴിയുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ സി.പി.എം നേതൃത്വം.

Top