കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങിപ്പോകില്ല; കേന്ദ്രത്തിന് തെറ്റിയെന്ന് രാഹുല്‍

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങിപ്പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിചാരിക്കുന്നെങ്കില്‍ അത് ഉണ്ടാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാര്‍ഷിക നിയമം ചവറ്റുകുട്ടയില്‍ ഇടണം. സിംഘു അതിര്‍ത്തിയിലെ കര്‍ഷകര്‍ക്കെതിരായ അക്രമം അംഗീകരിക്കാനാകില്ല. സ്ഥിതി രൂക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക നിയമം കര്‍ഷക വിരുദ്ധമാണ്. അത് കര്‍ഷകരുടെ ജീവിതം തകര്‍ക്കുന്നതും സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ തകര്‍ക്കുന്നതുമാണ്. ചെങ്കോട്ടയിലേക്ക് ആരാണ് പ്രതിഷേധക്കാരെ കടത്തിവിട്ടത്. എന്തിനാണ് കടത്തി വിട്ടത്. ആഭ്യന്തര മന്ത്രാലയം അതിന് മറുപടി പറയണം. കര്‍ഷകര്‍ ഒരിഞ്ച് പുറകോട്ട് പോകില്ല. കര്‍ഷക സമരം ഗ്രാമങ്ങളിലേക്ക് വ്യാപിക്കും. ഇത് രാജ്യത്തിന്റെ ശബ്ദമാണ്. ഇതിനെ അടിച്ചമര്‍ത്താന്‍ കഴിയില്ല. രാജ്യത്തിന് വലിയ നഷ്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കുന്നു.

മധ്യവര്‍ഗത്തിന് ഭക്ഷ്യ ക്ഷാമം ഉണ്ടാകും. തീരുമാനം ഇന്ത്യയിലെ കാര്‍ഷിക രംഗത്തെ തകര്‍ക്കും. നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചത് കര്‍ഷകരോടൊപ്പം നില്‍ക്കുന്നതിനാലാണ്. പ്രധാനമന്ത്രി നാലോ അഞ്ചോ പേര്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.

 

Top