യോഗിയുടെ തെരഞ്ഞെടുപ്പ് റാലി നടക്കുന്നിടത്തേക്ക് കന്നുകാലികളെ അഴിച്ചുവിട്ട് കര്‍ഷകര്‍

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് റാലി നടക്കുന്നിടത്തേക്ക് നൂറുകണക്കിന് കന്നുകാലികളെ അഴിച്ചുവിട്ട് കര്‍ഷകര്‍.

ലക്‌നൗവില്‍ നിന്നും 40 കിലോമീറ്റര്‍ ഇപ്പുറത്ത് ബാരാബംഗിയിലാണ് സംഭവം. അലഞ്ഞുതിരിയുന്ന കന്നുകാലി ശല്യം ചൂണ്ടികാട്ടി പലതവണ പരാതി നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കാതെ വന്നതോടെയാണ് കര്‍ഷക പ്രതിഷേധം. കര്‍ഷക നേതാവ് രമണ്‍ദീപ് സിംഗ് മന്‍ പുറത്ത് വിട്ട വീഡിയോയില്‍ ഇതിന്റെ ചിത്രം വ്യക്തമാണ്.

സംഭവത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നോ ബരാബംഗി അധികൃതരില്‍ നിന്നോ പ്രതികരണമൊന്നും ലഭിച്ചില്ലെങ്കിലും യുപിയില്‍ ബിജെപി അധികാരം നിലനിര്‍ത്തിയാല്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്‌നം പരിഹരിക്കുമെന്ന് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനത്തിന്റെ വീഡിയോ യോഗി ട്വീറ്റ് ചെയ്തു.

‘അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ മൂലം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മാര്‍ച്ച് 10 ന് ശേഷം ഒരു പുതിയ സംവിധാനം ഉണ്ടാക്കും. പാല്‍ ലഭിക്കാത്ത കന്നുകാലികളുടെ ചാണകത്തില്‍ നിന്ന് നിങ്ങള്‍ക്ക് വരുമാനം നേടുന്നതിന് ഒരു സംവിധാനം ഉണ്ടാക്കും.’എന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം.

2019ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംസ്ഥാന ബജറ്റില്‍ പശുസംരക്ഷണ കേന്ദ്രങ്ങള്‍ക്കായി ഫണ്ട് അനുവദിച്ചിരുന്നു. പശുസംരക്ഷണ കേന്ദ്രങ്ങള്‍ക്കായി ക്രമീകരണങ്ങള്‍ ചെയ്യാന്‍ ജില്ലാ ഭരണകൂടങ്ങളോടും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളോടും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അത് പൂര്‍ണമായും ഫലവത്തായിരുന്നില്ല.

Top