കര്‍ഷകരുടെ ആശങ്ക സമാധാന ചര്‍ച്ചകളിലൂടെ പരിഹരിക്കണം; അമേരിക്ക

ഡല്‍ഹി: കര്‍ഷകസമരത്തില്‍ നിലപാട് വ്യക്തമാക്കി അമേരിക്ക. സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും ഇന്ത്യന്‍ വിപണിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ഉറപ്പാക്കുകയും ചെയ്യുന്ന പരിഷ്‌കാരങ്ങളെ സ്വാഗതം ചെയ്യുന്നതായും അമേരിക്ക വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് മാധ്യമ വക്താവാണ് ഇക്കാര്യത്തിലെ ബൈഡന്‍ ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

ഹോളിവുഡ് നടിയും ഗായികയുമായ റിഹാന കര്‍ഷക സമരത്തെ ഏറ്റെടുത്ത് വിമര്‍ശനങ്ങള്‍ നടത്തിയതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളും വിമര്‍ശനങ്ങളും തുടരുന്നതിനിടെയാണ് അമേരിക്ക ഔദ്യോഗിക നിലപാടുമായി രംഗത്തു വന്നിരിക്കുന്നത്. കാര്‍ഷിക മേഖലയിലെ സാമ്പത്തിക പരിഷ്‌കാരങ്ങളെ പിന്തുണയ്ക്കുമ്പോള്‍ തന്നെ കര്‍ഷകരുടെ ആശങ്കകളും പരാതികളും സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണം എന്നാണ് അമേരിക്കയുടെ പ്രതികരണം. കര്‍ഷകരേയും കേന്ദ്രസര്‍ക്കാരിനേയും ഒരു പോലെ ഒപ്പം നിര്‍ത്തുന്ന പ്രതികരണമാണിത്.

രാഷ്ട്രീയപരമായ വ്യത്യാസങ്ങള്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് യുഎസ് പ്രതിനിധി പറഞ്ഞു. അതേസമയം, അമേരിക്കന്‍ പ്രതിനിധിസഭയിലെ പല പ്രതിനിധികളും കര്‍ഷകസമരത്തെ പിന്തുണച്ചു കൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, തെറ്റായ വസ്തുക്കളുടെ അടിസ്ഥാനത്തിലാണ് കര്‍ഷകസമരത്തെക്കുറിച്ചുള്ള പ്രമുഖ അന്തര്‍ദേശീയ വ്യക്തിത്വങ്ങളുടെ പ്രതികരണങ്ങളെന്നും വിവരങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും വിദേശമന്ത്രാലയം അസാധാരണമായ അടിയന്തര പ്രസ്താവനയിലൂടെ പ്രതികരിച്ചിരുന്നു.

Top