റെയില്‍ രഖോ; രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ച് കർഷകർ

ഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർ രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ (റെയില്‍ രഖോ) സമരം നടത്തുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ആരംഭിച്ച ട്രെയിന്‍ തടയല്‍ വൈകിട്ട് നാല് മണി വരെ തുടരും. സമരത്തില്‍ നിന്ന് കേരളത്തെ നേരത്തെ ഒഴിവാക്കിയിരുന്നു. എന്നാൽ പഞ്ചാബ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും കർഷകർ റെയില്‍വെ ട്രാക്കുകള്‍ ഉപരോധിച്ചു. എണ്‍പത്തിയഞ്ച് ദിവസങ്ങളായി ഡല്‍ഹി അതിര്‍ത്തികളിൽ പ്രതിഷേധം നടത്തുന്ന കർഷകർ ട്രാക്ടര്‍ റാലിക്കും ചക്ക ജാമിനും ശേഷം നടത്തുന്ന മൂന്നാമത്തെ സമര രീതിയാണിത്.

സമരത്തോട് അനുബന്ധിച്ച് പ്രദേശങ്ങളിലെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന എല്ലാ പാസഞ്ചര്‍ ട്രെയിനുകളും നാല് മണിവരെ റദ്ദാക്കി. 12 മണി മുതല്‍ 4 വരെ ട്രെയിനുകള്‍ ഓടിക്കുന്നില്ലെന്നാണ് പശ്ചിമ റെയില്‍വേ അറിയിച്ചിരിക്കുന്നത്. ചില ട്രെയിനുകള്‍ വഴി തിരിച്ച് വിടാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.

Top