പഞ്ചാബില്‍ ബിജെപി നേതാക്കള്‍ താമസിച്ച ഹോട്ടല്‍ വളഞ്ഞ് കര്‍ഷകര്‍

ചണ്ഡിഗഢ്: പഞ്ചാബില്‍ ബിജെപി നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ വളഞ്ഞ് കര്‍ഷകര്‍. ഇതോടെ പിന്‍വാതില്‍ വഴി നേതാക്കള്‍ രക്ഷപ്പെട്ടു. പഞ്ചാബിലെ ഫഗ്വാരയിലാണ് സംഭവം. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടാണ് ബിജെപി നേതാക്കള്‍ ഹോട്ടലിലെത്തിയത്. ഇവിടേക്ക് ഭാരതി കിസാന്‍ യൂണിയന്റെ നേതൃത്വത്തിലുള്ള സംഘം സമരവുമായി എത്തുകയായിരുന്നു.

കാലി, കോഴിതീറ്റ വ്യാപാരം നടത്തുന്ന ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടലെന്ന് സമരക്കാര്‍ ആരോപിച്ചു. ബിജെപി നേതാവ് നടത്തുന്ന കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. സമരം തുടങ്ങുന്നതിന് മുന്‍പ് ഹോട്ടലില്‍ കയറാന്‍ ശ്രമിച്ച ബിജെപി നേതാക്കന്മാരെ സമരക്കാര്‍ തടഞ്ഞു. ബിജെപി നേതാക്കളെ സമരക്കാര്‍ ഉള്ളിലേക്ക് കയറാന്‍ അനുവദിച്ചില്ല.

ബിജെപി മഹിളാ നേതാവ് ഭാരതി ശര്‍മയുള്‍പ്പെടെയുള്ള നേതാക്കളെയാണ് തടഞ്ഞത്. തുടര്‍ന്ന് പൊലീസ് സുരക്ഷയോടെ ബിജെപി നേതാക്കള്‍ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു. കര്‍ഷക സമരം പൊളിക്കാന്‍ ഗൂഢാലോചന നടത്താനാണ് ബിജെപി നേതാക്കള്‍ എത്തിയതെന്ന് ഭാരതി കിസാന്‍ യൂണിയന്‍ ആരോപിച്ചു.

Top