കര്‍ഷകരുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനതല ബാങ്കേ‍ഴ്സ് സമിതി യോഗം ഇന്ന്

pinarayi

തിരുവനന്തപുരം : കര്‍ഷകരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗം ഇന്ന് ചേരും. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ വിശദീകരിക്കും.

പ്രളയ ബാധിത പ്രദേശത്തെ കാര്‍ഷിക വായ്പകള്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ 31വരെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും.

കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ പൊതുമേഖലാ – വാണിജ്യ ബാങ്കുകളെയും ഉള്‍പ്പെടുത്തണം. നിലവില്‍ സഹകരണ ബാങ്കുകള്‍ മാത്രമാണ് കമ്മീഷന്റെ പരിധിയിലുള്ളത്. കൂടാതെ കാര്‍ഷിക വായ്പകള്‍ പുനര്‍ വായ്പയായി ക്രമീകരിക്കണമെന്നും സര്‍ക്കാര്‍ യോഗത്തില്‍ ആവശ്യപ്പെടും.

അതേസമയം കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥയാവുമ്പോഴും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കട്ടപ്പനയില്‍ ഏകദിന ഉപവാസം നടത്തും. രാവിലെ 10 ന് തുടങ്ങുന്ന ഉപവാസസമരം യുഡിഎഫ് കണ്വീനര്‍ ബെന്നി ബെഹന്നാന്‍ ഉദ്ഘാടനം ചെയ്യും.

മഹാപ്രളയത്തിന് ശേഷമുണ്ടായ കാര്‍ഷികമേഖലയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും ഇതിനാലാണ് കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായതെന്നുമാണ് പ്രതിപക്ഷ ആരോപണം. മൊറട്ടോറിയം പ്രഖ്യാപിച്ചുവെങ്കിലും ഫലം കണ്ടില്ലെന്നും കുറ്റപ്പെടുത്തുന്നു. വൈകീട്ട് അഞ്ച് മണിക്ക് സമാപന സമ്മേളനം കേരളകോണ്ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എംപിയും പങ്കെടുക്കുന്നുണ്ട്.

Top