പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടന നേതാക്കളും തമ്മില്‍ ഇന്ന് ചര്‍ച്ച. വൈകിട്ട് 6 മണിക്ക് ചണ്ഡിഗഡിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിമാരായ അര്‍ജുന്‍ മുണ്ഡ, പീയുഷ് ഗോയല്‍, നിത്യാനന്ദ റായ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ചര്‍ച്ചയില്‍ ഉണ്ടാകും.
നേരത്തെ മൂന്ന് തവണ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി കര്‍ഷക സംഘടനങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും സമവായത്തിലെത്തിയിരുന്നില്ല. ഫെബ്രുവരി 8,12,15 തീയതികളിലായിരുന്നു ചര്‍ച്ച. സമരം ഇന്ന് അവസാനിക്കാനാണ് സാധ്യത. കര്‍ഷക പ്രതിഷേധം നീണ്ടുപോകുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിന് തിരിച്ചടിയാവും. അതിനാല്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സമവായശ്രമമുണ്ടാകും.
കഴിഞ്ഞ ദിവസത്തെ ചര്‍ച്ചകളില്‍ കര്‍ഷകരുമായി ഏറെക്കുറെ നീക്ക് പോക്ക് ഉണ്ടാക്കിയതായാണ് സൂചന. അതിനിടെ കര്‍ഷകര്‍ക്ക് പിന്തുണയുമായി രാകേഷ് ടിക്കായത്ത് രംഗത്ത് വന്നു. താങ്ങുവില നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച ട്രാക്ടര്‍ മാര്‍ച്ച് നടത്തും. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ധര്‍ണ്ണയും സംഘടിപ്പിക്കും.











