കര്‍ഷക സമരം; കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ്

ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ്. ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്കും ഡല്‍ഹിക്കുമാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്.

സമരം കാരണം ഗതാഗതം, വ്യവസായം അടക്കമുള്ള മേഖലകളില്‍ തടസം നേരിടുന്നുവെന്ന പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നടപടി. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാരോടും ഡിജിപിമാരോടും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.

അതിനിടെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നയിക്കുന്ന കര്‍ഷകര്‍ക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നടത്തിയ പരാമര്‍ശം വിവാദമായി. ഇന്നലെയാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രതിഷേധം തുടരുന്നതില്‍ ആശങ്ക അറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി രംഗത്തെത്തിയത്.

കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തുന്നവര്‍ ഡല്‍ഹിയോ ഹരിയാനയോ കേന്ദ്രീകരിച്ച് സമരം നടത്തണമെന്നാണ് അമരീന്ദര്‍ സിംഗ് പറഞ്ഞത്. കര്‍ഷക സമരം പഞ്ചാബിന്റെ സമ്പത്ത് വ്യവസ്ഥയെ ബാധിച്ചതോടെയാണ് പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. ഇതിനെതിരെ ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് രംഗത്തെത്തിയിരുന്നു.

 

Top